കാഞ്ഞിരപ്പള്ളി: തമിഴ്നാട് സേലത്തിനടുത്ത് ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം ഏന്തയാർ സ്വദേശികളായ മൂന്നുപേർ അടക്കം നാലുപേർ മരിച്ചു. ഏന്തയാർ കൊല്ലംപറന്പിൽ ബിനു (42), മാതാവ് വത്സമ്മ (70), ഏന്തയാർ കൈപ്പടക്കുന്നേൽ ജോണ്സണ് (21), തമിഴ്നാട് സ്വദേശി എന്നിവരാണ് മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ബിനുവിന്റെ സുഹൃത്ത് മടിക്കാങ്കൽ ജൂലി, ബിനുവിന്റെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്.
സേലം ധർമപുരിക്ക് 25 കിലോമീറ്റർ അകലെ ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടം. ബിനുവിന്റെ ബംഗളൂരുവിലുള്ള സഹോദരിയുടെ വീട്ടിലെത്തി മടങ്ങുംവഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ അപകടത്തിൽപ്പെട്ടത്. ബിനുവായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സ്കോർപിയോ ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട് എതിരേവന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ ഈ വാഹനത്തിന്റെ ഡ്രൈവറും മരിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുന്പ് കൊല്ലംപറന്പിൽ ഫയർ ആൻഡ് വർക്സ് നടത്തുകയായിരുന്നു ബിനു. രണ്ടു വർഷം മുന്പ് ബിനുവിന്റെ ലൈസൻസിയിലുള്ള ബന്ധുവിന്റെ പടക്കശാല കത്തിനശിച്ച് രണ്ടു പേർ മരിച്ചിരുന്നു. ഇതോടെ പടക്കനിർമാണം നിർത്തി സുഹൃത്തുക്കളോടൊപ്പം ബസ് സർവീസ് നടത്തിവരികയായിരുന്നു.
ഇതിനിടെ ബിനുവിന്റെ ഭാര്യയും മരണമടഞ്ഞിരുന്നു. തുടർന്ന് ബിനു മകളെ ബംഗളൂരുവിള്ള സഹോദരിയുടെ വീട്ടിൽ നിർത്തിയാണ് പഠിപ്പിച്ചിരുന്നത്. അവധിക്കാലം ആഘോഷിക്കാൻ മകളെ കൂട്ടിക്കൊണ്ടു വരുംവഴിയാണ് അപകടം സംഭവിച്ചത്.മൃതദേഹങ്ങൾ ധർമപുരി മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവമറിഞ്ഞ് ഏന്തയാറിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും ധർമപുരിയിലേക്ക് തിരിച്ചിട്ടുണ്ട്.