വടക്കാഞ്ചേരി: തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 24 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂരില്‍ പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ആരുടെയും നില ഗുരുതരമല്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ ബസിലെ ഡ്രൈവര്‍ പഴയന്നൂര്‍ സ്വദേശി രാജന് (55), ലോറി ഡ്രൈവര്‍ വെട്ടിക്കാട്ടില്‍ സ്വദേശി സെയ്തലവി (50) എന്നിവരെയും, മറ്റൊരു വിദ്യാര്‍ഥിയെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഉള്‍പ്പടെയുള്ള സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. തൃശൂരില്‍ നിന്ന് വിദ്യാര്‍ഥികളുമായി കോളജിലേക്കു പോകുകയായിരുന്ന ബസ് ഷൊര്‍ണൂരില്‍ നിന്ന് തൃശൂരിലേക്ക് മെറ്റല്‍ കയറ്റിവരികായിയുരന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ രണ്ടുമണിക്കൂര്‍ നേരം ഗതാഗതം സതംഭിച്ചു.
സംഭവമിറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും, ആക്ട്സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിനു ആദ്യം നേതൃത്വം നല്‍കിയത്. വടക്കാഞ്ചേരി സിഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസും ഫയര്‍ഫോഴ്സും ഉദ്യോഗസ്ഥരും ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇടിയുടെ അഘാതത്തില്‍ ലോറി റോഡിലേക്കു മറിഞ്ഞു. ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.