മൂവാറ്റുപുഴ: യോഗാദിനത്തോടനുബന്ധിച്ചു മുറ്റത്ത് അണിനിരന്ന വിദ്യാർഥികൾക്കിടയിലേക്കു കാർ പാഞ്ഞുകയറി പത്ത് വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. മൂവാറ്റുപുഴ കടാതി വിവേകാനന്ദ പബ്ലിക്ക് സ്കൂളിൽ ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം.
പരിക്കേറ്റ അധ്യാപിക രേവതി (26), വിദ്യാർഥികളായ ദേവിക, കാർത്തിക എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അർച്ചന, അമിത, ദേവിക രാജ്, ആർദ്ര, വിസ്മയ, ഗംഗ എന്നിവരെ മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിലും അദ്വൈത്, ഹരിഗോവിന്ദ് എന്നിവരെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കുട്ടികൾ എല്ലാവരും ഏഴാം ക്ലാസ് വിദ്യാർഥികളാണ്. സ്കൂൾ ഗ്രൗണ്ടിൽ യോഗ ചെയ്യുന്നതിനായി അണിനിരന്ന കുട്ടികൾക്കിടയിലേക്ക് സ്കൂൾ ജീവനക്കാരന്റെ കാർ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. മറ്റൊരു വിദ്യാർഥിയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ച് മാറ്റി ബ്രേക്ക് ചെയ്യുന്നതിനിടെ കാൽ അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. ഉടൻ മറ്റ് അധ്യാപകർ വിദ്യാർഥികളെയും അധ്യാപികയേയും ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.