കോട്ടയം: അമിതവേഗം അപകടം ക്ഷണിച്ചു വരുത്തുന്ന മേഖലയായ ബേക്കർ ജംഗ്ഷൻ – സീസർ സ്ക്വയർ റോഡിൽ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടിയുമില്ല. ഇവിടെ പോലീസ് ആവശ്യത്തിനു നിർദേശങ്ങൾ നൽകുന്നില്ലെന്നാണ് വ്യാപക ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇന്നലെയും നിരവധി തവണ ബസുകളും മറ്റു വാഹനങ്ങളും ദിശ തെറ്റി വന്ന് അപകട സാധ്യതയുണ്ടാക്കി. ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
ആവശ്യത്തിലധികം റോഡിനു വീതിയുള്ള ബേക്കർ ജംഗ്ഷൻ – സീസർ സ്ക്വയർ റോഡിൽ അപകടങ്ങൾ നിത്യസംഭവമാണ്. ഇവിടെ റോഡിനു നടുവിലുണ്ടായിരുന്ന ഡിവൈഡറുകൾ ഇപ്പോൾ മാറ്റിയിരിക്കുകയാണ്. ഡിവൈഡറുകൾ ഉണ്ടായിരുന്നെങ്കിൽ വാഹനങ്ങൾ ദിശ തെറ്റി പോകുന്നത് ഒഴിവാക്കാമായിരുന്നു.
ഡിവൈഡറുകൾ മാറ്റിയതു സംബന്ധിച്ച വിവരം കളക്ടറെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബേക്കർ ജംഗ്ഷനിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തശേഷം അമിത വേഗത്തിലാണ് ബസുകൾ നാഗന്പടം ഭാഗത്തേക്ക് പോകുന്നത്.
ട്രാഫിക് സിഗ്നലിലെ ബ്ലോക്കിൽ അകപ്പെട്ട മറ്റു വാഹനങ്ങളും ചീറിപ്പാഞ്ഞാണു വരുന്നത്. ഇതുപോലെ തിരിച്ചു നാഗന്പടത്തുനിന്നും ബേക്കർ ജംഗ്ഷൻ ഭാഗത്തേക്കു വാഹനങ്ങൾ വരുന്നതും അമിത വേഗത്തിലാണ്. റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്.
ബേക്കർ ജംഗ്ഷനിൽനിന്നും നാഗന്പടം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ശക്തി ഹോട്ടലിനു സമീപത്തുനിന്നും യുടേണ്‍ എടുക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. പോലീസ് ഇവിടെ വാഹനങ്ങൾ യുടേണ്‍ എടുക്കരുതെന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും യാതൊരു മാനദണ്ഡവുമില്ലാതെയാണു വാഹനങ്ങൾ തിരിക്കുന്നത്. ബൈക്കുകൾ ഇവിടെ തിരിക്കുന്നത് വലിയ അപകടമാണുണ്ടാക്കുന്നത്.
അതേപോലെ സിഎംഎസ് കോളജ് അണ്ണാൻകുന്ന് റോഡിലേക്ക് വാഹനങ്ങൾ തിരിയുന്നതും ഇവിടെനിന്നു വാഹനങ്ങൾ കയറിവരുന്നതും യാതൊരു നിയന്ത്രണവുമില്ലാതെയാണ്. ഇതും അപകട സാധ്യതവർധിപ്പിക്കുന്നുണ്ട്.
സ്പീഡ് ബേ്രക്കറുകളും ട്രാഫിക് ഐലൻഡുളും അടിയന്തരമായി സ്ഥാപിക്കണമെന്നും നിയമം ലംഘിച്ചു വരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.