കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ചേത്തടിയിൽ രാത്രിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് എൻജിനിയറിംഗ് വിദ്യാർഥികൾ മരിച്ചു.
കണ്ണൂർ പയ്യന്നൂർ ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ(20), കൊല്ലം കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ.ഗോവിന്ദ്(20) എന്നിവരാണ് മരിച്ചത്.
ബി.എൻ.ഗോവിന്ദ്(20) ഇന്നലെ രാത്രിതന്നെ മരിച്ചിരുന്നു. ചൈതന്യ ഇന്ന് രാവിലെ ആശുപത്രിയിൽ ആണ് മരിച്ചത്. തിരുവനന്തപുരം സിഇടി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.
കോളേജിലെ വിദ്യാർത്ഥിസംഘം അഞ്ച് ബൈക്കുകളിലായി തെന്മല ഭാഗങ്ങളിൽ ഉല്ലാസയാത്രയ്ക്ക് പോയിരുന്നതാണ്. മടങ്ങിവരുന്നവഴി ചേത്തടിയിൽവച്ച് എതിർദിശയിൽ നിന്നും വന്ന കാർ ഗോവിന്ദിന്റെ ബൈക്കിലിടിച്ചു.
ബൈക്ക് പൂർണമായും തകർന്നു.പരിക്കേറ്റ ഗോവിന്ദിനെയും ചൈതന്യയെയും ആശുപത്രിയിലെത്തിച്ചെങ്കിലും അധികംവൈകാതെ ഗോവിന്ദും പിന്നീട് ചൈതന്യയും മരിച്ചു.
കുന്നിക്കോട് പൊലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ.കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റ് ചികിത്സയിലാണ് .