ഷൊർണൂർ: ഓപ്പറേഷൻ സുരക്ഷയുടെ ഭാഗമായി പതിനായിരത്തിനു പുറത്തു ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹനവകുപ്പിന്റെ കർശന പരിശോധനയിലാണു നിയമലംഘനം നടത്തിയ 11690 പേരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്.
ഓഗസ്റ്റ് മുതലുള്ള പരിശോധനയിലാണ് ഇത്രയും ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. രണ്ടാംഘട്ടത്തിൽ മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായിട്ടാകും പരിശോധന നടത്തുക. ഇതുസംബന്ധിച്ച് ഉന്നതപോലീസ് മേധാവികളുമായി ചർച്ച നടന്നുകഴിഞ്ഞു.
കർശനമായ പരിശോധന തുടങ്ങിയതോടെ റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞതായാണു ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. കൂടാതെ ഇനിമുതൽ പോലീസ് പിടികൂടുന്ന കേസുകൾകൂടി മോട്ടോർ വാഹനവകുപ്പിനു കൈമാറാനും ധാരണയായി. ഇങ്ങനെ വന്നാൽ ഇനിയും റോഡപകടങ്ങൾ കുറയ്ക്കാനും പോലീസിനു ജോലിഭാരം കുറയ്ക്കുന്നതിനും സാധ്യമാകുമെന്നാണു നിഗമനം.
ഇതുവരെ പിടികൂടിയവരുടെയെല്ലാം ലൈസൻസ് മൂന്നുമാസത്തക്കു സസ്പെൻഡ് ചെയ്തതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. തുടർന്നു വീണ്ടും പിടിക്കപ്പെട്ടാൽ ആറുമാസത്തേക്കാകും. പിന്നെയും തെറ്റുകൾ ആവർത്തിക്കുന്നവരുടെ ലൈസൻസ് ഒരുവർഷത്തേക്കും സസ്പെൻഡ് ചെയ്യും. ഇതിനുശേഷവും പിടിക്കപ്പെട്ടാൽ എന്നന്നേയ്ക്കുമായി ലൈസൻസ് റദ്ദാക്കും.
അമിതവേഗതയിൽ വാഹനം ഓടിച്ചതിന് ഇതിനകം 266 പേരുടെ ലൈസൻസുകളാണു സസ്പെൻഡ് ചെയ്തത്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ നിർദേശാനുസരണമാണു മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. അതേസമയം ലൈസൻസുകൾ ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന സൂചന മോട്ടോർ വാഹനവകുപ്പിനു ലഭിച്ചിട്ടുണ്ട്.