തലശേരി:പെരുന്നാൾ തലേന്ന് ആഘോഷ തിമിർപ്പിൽ ആഢംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ പ്രകടനത്തിൽ പൊലിഞ്ഞത് പഠനാവശ്യത്തിന് ലാപ്ടോപ്പ് എടുക്കാനെത്തിയബിടെക് വിദ്യാർഥിയുടെ ജീവൻ.
അപകടം നടന്നയുടൻ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി രക്ഷപ്പെടാനും പ്രതികളുടെ ശ്രമം. അപകട നടന്ന ഉടനെയുള്ള കാറിന്റെ നമ്പർ പ്ലേറ്റ് ഉള്ള ചിത്രവും നമ്പർ പ്ലേറ്റ് ഇല്ലാത്ത ചിത്രവും രാഷ്ട്രദീപികയ്ക്ക് ലഭിച്ചു.
ചൊവ്വാഴ്ച്ച രാത്രി ജൂബിലി റോഡിൽ പെജറോ കാറ് ഇരുചക്ര വാഹനത്തിലിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്ലാഹ് ഫറാസ് (19) മരിച്ച സംഭവത്തിലാണ് സംഭവത്തിന് തൊട്ട് മുമ്പ് യുവാക്കൾ കാറുമായി നഗരത്തിൽ കാട്ടി കൂട്ടിയ പരാക്രമങ്ങൾ പുറത്ത് വന്നിട്ടുള്ളത്.
ആഢംബര വാഹനങ്ങളിൽ യുവാക്കൾ നടത്തുന്ന ഡ്രിഫ്റ്റ്, ബേൺ ഔട്ട് എന്നീ പ്രകടനങ്ങളാണ് ഫറാസിന്റെ ജീവനെടുക്കാൻ ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് ചിറക്കരയിലും എ.വി.കെ നായർ റോഡിലും ഇതേ കാർ ഡ്രിഫ്റ്റ് (അമിത വേഗതയിലെത്തി ചവിട്ടി തിരിക്കൽ) നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
വാഹനം കൊണ്ട് നടുറോഡിൽ നടത്തിയ അപകടകരമായ പ്രകടനം കണ്ട നാട്ടുകാർ യുവാക്കളോട് കയർക്കുകയും ചെയ്തു. നാട്ടുകാരുടെ ശകാരം കേട്ട് രക്ഷപ്പെട്ട ഇവർ അമിത വേഗതയിലെത്തി ഫറാസ് സഞ്ചരിച്ച ഇരു ചക്ര വാഹനത്തെ ഇടുക്കുകയായിരുന്നു.
കാറിനടിയിൽപ്പെട്ട ഇരുചക്ര വാഹനത്തിൽ നിന്ന് ഓടി കൂടിയ നാട്ടുകാർ ഏറെ പണിപെട്ടാണ് ഫറാസിനെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ബന്ധുവായ തലശേരിയിലെ വ്യാപാരി വ്യവസായ സമിതി നേതാവ് ഏഷ്യൻ ഇസ്മയിലിന്റെ വീട്ടിൽ നിന്നു പഠനാവശ്യത്തിനായി ലാപ്ടോപ്പ് എടുക്കാൻ വരുമ്പോഴാണ് ഫറാസിന്റെ ജീവൻ യുവാക്കളുടെ വാഹന ഭ്രമത്തിൽ കവർന്നത്.
വിജനമായ സ്ഥലത്ത് സുരക്ഷയോടെ വാഹന പ്രേമികൾ നടത്തുന്ന ഡ്രിഫ്റ്റ് യുവാക്കൾ നഗരത്തിലെ ഇടുങ്ങിയ റോഡുകളിൽ നടത്തുന്നത് പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്.
തലശേരിയിൽ ഈ ചവിട്ടിത്തിരിക്കൽ ഒരു ജീവൻ തന്നെ കവർന്നു. നിലവിൽ ഈ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
അപകടത്തിനിരയായ കാറും സ്കൂട്ടറും തലശേരി പോലീസ് കസ്റ്റഡിയിലാണുള്ളത്. ചെന്നൈയിലാണ് ഫറാസ് ബി ടെക്കിന് പഠിക്കുന്നത്. എസ്എസ്എഫ് ചമ്പാട് സെക്ടർ സെക്രട്ടറി ആസിഫിന്റെയും തലശേരി ഗുൽദസ്തയിലെ ഫാസിലയുടെയും മകനാണ്.