ചിങ്ങവനം: തിടനാട് എസ്ഐയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. തിടനാട് എസ്ഐ ആന്റണി ജോസഫ് നെറ്റോ(38), ഭാര്യ രമ്യ(26), മക്കളായ ആരോണ്‍ (6), അമേയ(4) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടിന് എംസി റോഡിൽ ചിങ്ങവനം മാവിളങ്ങ് ജംഗ്ഷനു സമീപമാണ് അപകടം.
ആന്റണി ജോസഫിന്റെ കുടുംബ വീടായ തിരുവനന്തപുരം വലിയതുറയിലേക്ക് പോകുന്പോഴാണ് അപകടം സംഭവിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞാണ് ഇദേഹം യാത്ര പുറപ്പെട്ടത്. നെഞ്ചിന് പരിക്കേറ്റ ആന്റണി ജോസഫും കൈക്ക് പരിക്കേറ്റ രമ്യയും മെഡിക്കൽ കോളജാശുപത്രിയിലും കുട്ടികളെ ഐസിഎച്ചിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കോട്ടയം ഭാഗത്തേക്കു വന്ന ട്രെയിലറുമായാണ് കാർ കൂട്ടിയിടിച്ചത്. മാവിളങ്ങിനും പെട്രോൾ പന്പിനും ഇടയ്ക്കാണ് അപകടം. മാവിളങ്ങ് ജംഗ്ഷൻ അപകടക്കെണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോറി നിയന്ത്രണംവിട്ട് വീടും കടയും തകർത്ത് ഒരാൾക്ക് പരിക്കേറ്റിരുന്നു.