തിരുവനന്തപുരം: മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കുകളില്ല. ഇന്ന് പുലർച്ചെ 12.45-ഓടെ എംസി റോഡിൽ നാലാഞ്ചിറക്ക് സമീപം പാണൻവിളയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ വീടിന്റെ മതിലിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ ഗേറ്റ് തകർന്നു.
കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരവെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടത്. എംഎൽഎക്ക് പുറമെ ഗണ്മാൻമാരായ സാജൻ ചെറിയാൻ, സജു, ഡ്രൈവർ ജോബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിന് ശേഷം തിരുവഞ്ചൂർ മറ്റൊരു കാറിൽ എംഎൽഎ ഹോസ്റ്റലിലേക്ക് പോയി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.