തൃശൂർ: ജില്ലയിൽ രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു. പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൂരിൽ കൊങ്ങൻപാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് രണ്ടു യുവാക്കൾ മരിച്ചത്. പുത്തൂർ കുരിശുംമൂല വാഴക്കാലയിൽ ഉണ്ണികൃഷ്ണന്റെ മകൻ രാഹുൽ കൃഷ്ണ (അപ്പു – 23), കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയിൽ ജയൻ മകൻ ജിതിൻ (26) എന്നിവരാണ് മരിച്ചത്.
അർധരാത്രിയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തു നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന രാഹുലിന്റെ ബൈക്കും വെട്ടുകാട് നിന്നു മടങ്ങുകയായിരുന്ന ജിതിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാഹുലിന്റെ ബൈക്കിനു പിന്നിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കുണ്ട്.
രാഹുലിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലും ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കുന്നത്തങ്ങാടിയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരിച്ചു. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോൾ മകൻ ഫ്രാൻസിസ് (48) ബൈക്ക് യാത്രക്കാരൻ തളിക്കുളം പുതിയ വീട്ടിൽ കമാലുദ്ദീന്റെ മകൻ ബദറുദ്ദീൻ (53) എന്നിവരാണ് മരിച്ചത്.
പുലർച്ചെ 4.30ന് കുന്നത്തങ്ങാടി സെന്ററിലാണ് അപകടം. തൃശൂർ മീൻമാർക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീൻ. ഇയാൾ ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ച ബൈക്ക് കാൽനട യാത്രക്കാരനായ ഫ്രാൻസിസിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഫ്രാൻസിസിനെ മദർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദറുദ്ദീൻ ദയ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അന്തിക്കാട് പോലീസ് മേൽ നടപടി സ്വീകരിച്ചു.