സ്വന്തം ലേഖകൻ
ചാലക്കുടി: മദ്യലഹരിയിൽ നഗരമധ്യത്തിലൂടെ വാഹനമോടിച്ച് പതിനൊന്ന് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി ചാലക്കുടി കല്ലേലി ജോസ് (55) നായാട്ടു കേസിലും പ്രതി. മദ്യത്തിനു പുറമെ ഇയാൾ ഇന്നലെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. ഇത് കണ്ടെത്തുന്നതിനായി ഇയാളുടെ രക്തസാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് ലാബിലയച്ച് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാനുള്ള ടെസ്റ്റ് നടത്തും.
അടിയന്തിര സ്വഭാവമുള്ള കേസായി പരിഗണിച്ച് ഇന്നലെ രാത്രി തന്നെ ജോസിനെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. പതിനാലു ദിവസത്തേക്ക് ഇയാളെ റിമാൻഡു ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. വിശദമായ റിപ്പോർട്ട് ഉടൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന് കൈമാറും.
വെള്ളിയാഴ്ച വൈകീട്ട് 6.45നാണ് ചാലക്കുടിയെ വിറപ്പിച്ച് ജോസ് മദ്യപിച്ച് വാഹനമോടിച്ച് ഒന്പതു ബൈക്കുകളും രണ്ട് ഓട്ടോയുമടക്കം പതിനൊന്ന് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചത്. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നു. ആനമല ജംഗ്ഷനിൽ നിന്ന് ചാലക്കുടി ടൗണ്വരെയായിരുന്നു ജോസ് ഇന്നോവ കാറുമായി പാഞ്ഞുവന്നത്.
വഴിയിൽ കണ്ട വാഹനങ്ങളെല്ലാം ഇടിച്ചു തെറിപ്പിച്ചായിരുന്നു മദ്യലഹരിയിൽ ഇയാളുടെ വരവ്. റോഡിലും മറ്റും നിന്നിരുന്നവർ കാറിന്റെ മരണപ്പാച്ചിൽ കണ്ട് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ചാലക്കുടി ടൗണിലെത്തിയപ്പോൾ കാർ ഓഫായതോടെ ജോസിനെ ഓടിയെത്തിയ നാട്ടുകാർ കാറിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കി കൈകാര്യം ചെയ്യുകയായിരുന്നു. വലിയൊരു ജനക്കൂട്ടം തന്നെ ഇയാളെ കൈകാര്യം ചെയ്യാനെത്തിയിരുന്നു.
വിവരമറിഞ്ഞ് ചാലക്കുടി സിഐ ജെ.മാത്യു, എസ്ഐ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തിയതു കൊണ്ടു മാത്രമാണ് ജോസിന് ആൾക്കൂട്ടത്തിന്റെ കൈയിൽ നിന്നും രക്ഷപ്പെടാനായത്.ആനമല ജംഗ്ഷൻ മുതൽ ചാലക്കുടി നോർത്ത് ജംഗ്ഷൻ വരെ റോഡ് കുരുതിക്കളമായി മാറിയിരുന്നു. റോഡിൽ തകർന്ന വാഹനങ്ങളുടെ ചില്ലുകളും രക്തവും തളം കെട്ടിക്കിടക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന ചാലക്കുടി പെല്ലിശേരി ലോനയുടെ മകൻ ലിജൊ (39), ഭാര്യ അനു (31), മകൻ രണ്ടരവയസുള്ള അലൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ അനുവിന്റെ നിലയാണ് അതീവഗുരുതരം. തലയ്ക്കു പരിക്കേറ്റ അനു അബോധാവസ്ഥയിലാണ്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന കലിക്കൽ ഗംഗാധരന്റെ മകൻ ചുണ്ടങ്ങപറന്പിൽ സതീശനും(45) കാര്യമായ പരിക്കുണ്ട്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന അപ്പോളൊ ടയേഴ്സ് ജീവനക്കാരൻ മുളന്തുരുത്തി നരിയത്തുപറന്പിൽ സുബ്രഹ്മണ്യൻ മകൻ സേതു (29), കാൽനട യാത്രക്കാരൻ ചാലക്കുടി കഐസ്ആർടിസി ബസ് സ്റ്റേഷനു സമീപം പരുത്തിപറന്പിൽ മുരുകേശൻ (28) എന്നിവരെ സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനമല ജംഗ്്ഷനിൽനിന്ന് അതിവേഗത്തിൽ പാഞ്ഞുവന്ന കാർ പെട്രോൾ പന്പിനു സമീപംവച്ച് ദന്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനെയാണ് ആദ്യം ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് അതുവഴി പോയിരുന്ന ബൈക്കുകളേയും ഓട്ടോറിക്ഷകളെയും ഇടിച്ചുതെറിപ്പിച്ചു. കാർ ഓഫായതുകൊണ്ടു മാത്രമാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്.