ആലപ്പുഴ: ദേശീയപാതയിൽ തിരുവന്പാടിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20തിലേറെപ്പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 12.30നായിരുന്നു അപകടം. ആലപ്പുഴ കൊറ്റംകുളങ്ങരയിൽനിന്നു ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് തിരുവന്പാടി പോസ്റ്റോഫീസിനു സമീപം അപകടത്തിൽപ്പെട്ടത്.
ബസിനെ മറികടന്ന മറ്റൊരു വാഹനം പെട്ടെന്ന് വേഗം കുറച്ചതിനെത്തുടർന്ന് ബ്രേക്ക് ചെയ്ത ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിച്ചശേഷം മറിയുകയായിരുന്നു.അപകടത്തിൽപ്പെട്ടവരെ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ജനറൽ ആശുപത്രിയിലെത്തിച്ചു.
സാരമായി പരിക്കേറ്റവരെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വാഹനത്തിലുണ്ടായിരുന്ന ഒന്‍പതുകാരനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടി റോഡിൽ ഡീസലൊഴുകിയത് അപകട ഭീഷണിയുയർത്തി.
അഗ്നിശമന സേന ഡീസൽ വെള്ളം പന്പ് ചെയ്ത് ഒഴുക്കിക്കളയുകയായിരുന്നു. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.