കൂത്താട്ടുകുളം: എംസി റോഡിലെ വൈക്കം കവലയിൽ അപകടം തുടർക്കഥയാകുന്നു. ട്രാഫിക് സിഗ്നൽ സംവിധാനം ആവശ്യമായ രീതിയിൽ പ്രവർത്തിക്കാത്തതാണ് അപകടം വർധിക്കാൻ കാരണമാകുന്നത്. കെഎസ്ടിപിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുവേലിക്കു സമീപം വൈക്കം കവലയിൽ നിർമിച്ചിരിക്കുന്ന മീഡിയനുകളും നിരന്തരം അപകടം സൃഷ്ട്ടിക്കുന്നുണ്ട്.
വാഹനമിടിച്ച് തകർന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ വീണ്ടും കേടുപാടുകൾ സംഭവിച്ചതോടെ വൈക്കം കവലയിൽ സിഗ്നൽ സംവിധാനം തകരാറിലായിരിക്കുകയാണ്. നിരന്തരമുണ്ടാകുന്ന അപകടങ്ങൾ ഇവിടെ പ്രവർത്തിക്കുന്ന പുതുവേലി സർക്കാർ സ്കൂൾ അധികൃതരിലും വിദ്യാർഥികളിലും രക്ഷകർത്താക്കളിലും ആശങ്ക സൃഷ്ടിക്കുകയാണ്.
അതേസമയം വൈക്കം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ എംസി റോഡിലേക്ക് അതിവേഗം കയറുന്നതും അപകടങ്ങൾക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ റോഡിൽ പുതുതായി മീഡിയൻ നിർമിച്ചതു മൂലം റോഡിനുണ്ടായ വീതികുറവും അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും ആക്ഷേപമുണ്ട്.
വേഗത്തിലെത്തുന്ന വാഹനങ്ങൾ മീഡിയനുകളിൽ ഇടിച്ചുകയറുന്നത് ഇവിടെ പതിവു കാഴ്ച്ചയാണ്. ഗതാഗതക്കുരുക്ക് കുറഞ്ഞ വൈക്കം കവലയിൽ ട്രാഫിക് സിഗ്നൽ സംവിധാനം ആവശ്യമില്ലെന്നും സൂചനാ ബോർഡുകളും ബ്ലിങ്കിംഗ് ലൈറ്റുകളും ഉപയോഗിച്ചു ഗതാഗതം നിയന്ത്രിക്കാൻ കഴിയുമെന്നുമാണ് നാട്ടുകാർ പറയുന്നത്.