കൂത്തുപറമ്പ്: കൂത്തുപറമ്പ്: വിമാനത്താവളത്തിൽനിന്നു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടവേര കാർ കൂത്തുപറമ്പിനടുത്ത് മെരുവമ്പായിയിൽ അപകടത്തിൽപ്പെട്ടു മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു.
ഡ്രൈവർ ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. മട്ടന്നൂർ കയനി കുഴിക്കൽ മഞ്ചേരിപൊയിൽ ഇ.കെ.നായനാർ സ്മാരക മന്ദിരത്തിന് സമീപത്തെ ചോഴൻ അരവിന്ദാക്ഷൻ (65), പേരക്കുട്ടി ഷാരോൺ (10) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3.45 ഓടെ മെരുവമ്പായി ടെലഫോൺ എക്സ്ഞ്ചേഞ്ചിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ടവേര റോഡരികിലെ കലുങ്കിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അരവിന്ദാക്ഷന്റെയും ഷാരോണിന്റെയും ജീവൻ രക്ഷിക്കാനായില്ല. ടവേര ഡ്രൈവർ മെരുവമ്പായി സ്വദേശി അഭിഷേക്, മരിച്ച അരവിന്ദന്റെ ഭാര്യ സ്വയംപ്രഭ (65), മകൻ ഷിനോജ് (40), ധനുഷ (30), ശില്പ (34), ആരാധ്യ (12), സിദ്ധാർഥ്, സൗരവ് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദേശത്തായിരുന്ന അരവിന്ദാക്ഷന്റെ മകൻ അനീഷിന്റെ ഭാര്യ ശില്പയെയും മകൾ ആരാധ്യയെയും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു കൂട്ടി കയനികുഴിക്കൽ മഞ്ചേരി പൊയിലിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്കൂൾ വേനലവധിക്ക് ഒരു മാസം മുമ്പാണ് ശിൽപയും മകളും ഗൾഫിലേക്ക് പോയത്. നീർവേലി യുപിസ്കൂളിലെ റിട്ട. പ്യൂൺ ആണ് മരിച്ച അരവിന്ദാക്ഷൻ.
പരേതരായ വിമുക്ത ഭടൻ ഗോപാലക്കുറുപ്പിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: സ്വയംപ്രഭ. മക്കൾ: ഷിനു (റെയിൽവേ പോർട്ടർ), അനീഷ് (ഗൾഫ്). മരുമക്കൾ: ശിൽപ, ധനുഷ. ഷിനു-ധനുഷ ദമ്പതികളുടെ മകനാണ് മരിച്ച ഷാരോൺ. സഹോദരങ്ങൾ: സിദ്ധാർഥ, സൗരവ്.