തൊടുപുഴ: പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മുന്നേറുമ്പോഴും ജില്ലയില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നു. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ നവംബര്‍ 30 വരെ വിവിധ അപകടങ്ങളിലായി മരിച്ചത് 95 പേര്. 1117 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകട മരണങ്ങള് കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 1140 അപകടങ്ങളിലായി 1415 പേര്‍ക്ക് പരിക്കേല്‍ക്കുകയും 84 പേര് മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച തെക്കുംഭാഗത്ത് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചതും മൂലമറ്റത്ത് പിക്കപ്പ് വാനിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതുമാണ് ഒടുവിലെ സംഭവം. ബൈക്ക് യാത്രികരാണ് അപകടങ്ങളില്പ്പെടുന്നവരിലേറെയും. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമായി പറയുന്നത്.
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അപകടത്തിന് കാരണമാകുന്നു. കൊടുംവളവുകളും കുത്തിറക്കങ്ങളും അശാസ്ത്രീയമായ റോഡ് നിര്‍മാണവും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു. കെഎസ്ആര്‍ടിസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളാണ് അപകടം സൃഷ്ടിക്കുന്നതില്‍ മുന്നില്‍. ന്യൂജന്‍ ബൈക്കുകളും അപകടങ്ങള്‍ക്കിടയാക്കുന്നു. വിദ്യാര്‍ഥികളുടെ അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവും പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
കാല്‍നട യാത്രക്കാരും റോഡ് അപകടങ്ങളില്‍ മരണമടയുന്നു. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനം ഓടിക്കാന്‍ പലരും തയാറാകാത്തതാണ് അപകടങ്ങള്‍ ഒരു പരിധി വരെ കാരണമെന്ന് അധികൃതര്‍ പറയുന്നു. മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഉറക്കമിളച്ചുള്ള ഡ്രൈവിംഗ്, രാത്രിയില്‍ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനം ഓടിക്കുന്നതിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, മത്സരയോട്ടം തുടങ്ങിയവ പലപ്പോഴും അപകടങ്ങള്‍ക്കു വഴിതെളിക്കുന്നു. അപകട മരണ നിരക്ക് കൂടിയ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും കര്‍ശന നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.