കട്ടപ്പന: അണക്കര പാന്പുപാറയിൽ അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ട ഭർത്താവിന് നീതി തേടി അധ്യാപികയായ ഭാര്യ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്കി.
2021 ജനുവരി 27നാണ് സ്കൂട്ടറിൽ സഞ്ചരിച്ച പുളിച്ചമൂട്ടിൽ രാജനെ പാന്പുപാറയിൽ അജ്ഞാത വാഹനമിടിച്ചു തെറിപ്പിച്ചത്.
10 അടിയോളം അകലെ തെറിച്ചുവീണ രാജന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രാജന്റെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ട്യൂബിലൂടെയാണ് ഭക്ഷണം നല്കുന്നത്.
രാജനെ വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്ന സൂചനകൾ ഉണ്ടെങ്കിലും ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ലോക്കൽ പോലീസ് അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
രാജനെ ചികിത്സിച്ച ഡോക്ടർമാർതന്നെ തലയിലേറ്റ ക്ഷതം, ശക്തമായ ഇടിയുടെ ആഘാതത്താലാണെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കാത്ത സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കട്ടപ്പന ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി കാത്തിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട രാജനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രാവിലെ 10നുണ്ടായ അപകടത്തിനു സാക്ഷികളായി ആരുമെത്താത്തതും കേസ് അന്വേഷണത്തിനു തടസമാണെന്നാണ് വണ്ടൻമേട് പോലീസ് നൽകുന്ന വിവരം.
ശാസ്ത്രീയ പരിശോധനകൾ നടത്താൻ പുനരന്വേഷണ ഉത്തരവുണ്ടാകണം.