അലബാമ: അലബാമയിലെ ബർമിംഗ്ഹാമിൽ നിന്നും ഇരുന്നൂറു മൈൽ ദൂരെ ജനവെ ഗ്രാമത്തിൽ ക്രിസ്മസ് രാത്രിയിലുണ്ടായ വാഹനാപകടത്തിൽ ജനവെ ഹൈസ്കൂളിലെ മൂന്നു വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി.
അഞ്ചു കൂട്ടുകാരികൾ ചേർന്നു കാറിൽ പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്നും തെന്നിമാറി മരത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇവർ അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു.
മുൻ സീറ്റിലുണ്ടായിരുന്ന കാമ്പിഡെ ഡൺ, എമിലി ഫെയ്ൽ, അഡിസൺ മാർട്ടിൻ എന്നീ, 16 നും 17 നും ഇടയില്‍ പ്രായമുള്ള വിദ്യാർഥിനികളാണ് കൊല്ലപ്പെട്ടത്. പിൻസീറ്റിലുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചു പേരെയും ബർമിംഗ്ഹാമിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല.
ക്രിസ്മസ് രാത്രിയിൽ കൂട്ടുകാരിയുടെ വീട്ടിലുള്ള ആഘോഷങ്ങൾക്കു ശേഷം മറ്റൊരു കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം. പോലീസ് അപകട കാരണം പരിശോധിച്ചു വരുന്നു.
ജനവെ സ്കൂൾ ബോർഡ് പ്രസിഡന്റ് റോൺ സ്നെൽ വിദ്യാർഥികളുടെ അപ്രതീക്ഷിത വേർപാടില്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ