തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നാണ് മന്ത്രി അറിയിച്ചത്.
യാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻകൂട്ടി അറിയിച്ചില്ലെന്നതിലൂടെ സ്കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു.
ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദർശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തി.
അപകട സമയം ചാറ്റൽ മഴ പെയ്തിരുന്നത് അപകടത്തിന്റെ തീവ്രതകൂടാൻ കാരണമായതായും പറയുന്നു.
ഡ്രൈവർമാരുടെ ഡ്രൈവിംഗ് പശ്ചാത്തലം, എക്സ്പീരിയൻസ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങൾ ആർടിഒ ഓഫീസിൽ കൈമാറാൻ ശ്രദ്ധിക്കണം. അപകടത്തിൽ ആദ്യ ഘട്ട രക്ഷാപ്രവർത്തനത്തിൽ താമസം നേരിട്ടെന്നും മന്ത്രി സമ്മതിച്ചു.
അപകടമുണ്ടായതിന് പിന്നാലെ വന്ന വാഹനങ്ങൾ ആദ്യം ഇവരെ രക്ഷിക്കാനോ അടിയന്തര വിവരങ്ങൾ കൈമാറാനോ ശ്രമിച്ചില്ലെന്നും അൽപം വൈകിയാണ് ആശുപത്രിയിൽ ഇവരെയെത്തിക്കാനായതെന്നും മന്ത്രി പറഞ്ഞു.
അപകട വിവരം അറിഞ്ഞപ്പോൾ തന്നെ ട്രാൻസ്പോർട്ട് കമ്മിഷണറുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം ഉടനെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തിരിച്ചതായും മന്ത്രി ആന്റണി രാജു അറിയിച്ചു.
പല സ്കൂളുകളും വിനോദയാത്ര പോകുന്പോൾ ടൂറിസ്റ്റ് ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഈ ഡ്രൈവർമാരുടെ ഡ്രൈവിംഗ് പശ്ചാത്തലം, എക്സ്പീരിയൻസ് തുടങ്ങിയവ ആരും ശ്രദ്ധിക്കാറില്ല.
വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങൾ ആർടിഒ ഓഫീസിൽ കൈമാറാൻ ശ്രദ്ധിക്കണം. ഈ അപകടം നൽകുന്ന പാഠമതാണ് – ഗതാഗതമന്ത്രി പറഞ്ഞു.
അപകടത്തിൽ പെട്ട ബസ് കരിന്പട്ടികയിലുള്ളത്
തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് മോട്ടോർ വാഹനവകുപ്പിന്റെ കരിന്പട്ടികയിലുൾപ്പെട്ടത്.
അഞ്ച് കേസുകൾ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്റെ കരിന്പട്ടികയിൽപ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്.
എതിരെ വരുന്ന വാഹനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന രീതിയിൽ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുൾപ്പെടെയാണ് ബസിനെതിരെ കേസുളളത്.
ഗതാഗതനിയമ ലംഘനത്തിനും അടക്കം നാല് കേസുകൾ നിലവിലുള്ളത് മെയ് മാസത്തിൽ ചാർജ് ചെയ്ത കേസുകളിൽ ഫൈൻ പോലും അടയ്ക്കാത്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസിനെ കരിന്പട്ടികയിൽപ്പെടുത്തിയത്.
കോട്ടയം പാല സ്വദേശിയാണ് അപകടത്തിൽ പെട്ട ലൂമിനസ് ബസിന്റെ ഉടമ. രണ്ട് ഡ്രൈവർമാരാണ് ബസിലുണ്ടായിരുന്നത്.
രക്ഷാവാഹനമായത് കള്ളുവണ്ടി
തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ടവരെ ആശുപത്രികളിലേക്ക് കൊണ്ടുപാകാൻ രക്ഷാവാഹനമായത് അതുവഴി വന്ന കള്ളുവണ്ടി.
പലരും അപകടം കണ്ട് വണ്ടി നിർത്താതെ പോയതായി രക്ഷാപ്രവർത്തകർ പരാതിപ്പെട്ടു.
ചിറ്റൂരിൽ നിന്നുള്ള കള്ളുവണ്ടിക്കാരാണ് നിർത്തിയതും അപകടത്തിൽ പെട്ടവരെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചതും. അപ്പോഴേക്കും ആംബുലൻസുകളും മറ്റുമെത്തി.
ബസ് വെട്ടിപ്പൊളിച്ചു
തൃശൂർ: വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റു ബസ് വെട്ടിപ്പൊളിച്ചാണ് പല വിദ്യാർഥികളേയും പുറത്തെടുത്തത്. ബസ് തലകീഴായി മറിഞ്ഞത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ക്രെയിനും മറ്റും കിട്ടാൻ വൈകിയതും രക്ഷാപ്രവർത്തനത്തിന് തടസമായി. നാട്ടുകാർ തന്നെയാണ് അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയത്.
അപകടസ്ഥലത്ത് ശരീരഭാഗങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്നതും രക്തം തളം കെട്ടി നിൽക്കുന്നതും കണ്ട് പലരും ആദ്യം പകച്ചെങ്കിലും ഉടൻ എല്ലാവരും രക്ഷാപ്രവർത്തനത്തിറങ്ങി.
ആലത്തൂരിൽ നിന്നാണ് ക്രെയിൻ എത്തിച്ചത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പല കുട്ടികളേയും പുറത്തെടുത്തത്.
കൈകാലുകൾ അറ്റ നിലയിലും കുട്ടികൾ കിടക്കുന്നുണ്ടായിരുന്നു. ബസിലെ സീറ്റുകൾ റോഡിലേക്ക് തെറിച്ചുവീണിരുന്നു.