തൊടുപുഴ: വഴിയിൽ അപകടത്തിൽപ്പെട്ട് ആരും തിരിഞ്ഞു നോക്കാതെ കിടന്ന അമ്മയ്ക്കും മകൾക്കും തുണയായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
തൊടുപുഴ പട്ടയംകവലയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയുണ്ടായ അപകടത്തിൽപ്പെട്ട കരിമണ്ണൂർ സ്വദേശികളായ അമ്മയും മകളുമാണ് അപകടത്തിൽപ്പെട്ടത്.
ടൗണിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടർ സിഗ്നലിടാതെ തിരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതെ വെട്ടിത്തിരിക്കുന്നതിനിടയിൽ റോഡിൽ മറിയുകയായിരുന്നു.
തുടർന്ന് ഇരുവരും വഴിയിലേക്ക് വീണുകിടന്നെങ്കിലും ആരും സഹായിക്കാനെത്തിയില്ല. അപകടം കണ്ട് ആളുകൾ കൂടിയെങ്കിലും ഇവരെ പിടിച്ചെഴുന്നേൽപ്പിക്കാനോ, ആശുപത്രിയിലെത്തിക്കാനോ ശ്രമമുണ്ടായില്ല.
ഇതിനിടെ സ്കൂട്ടറിൽ വന്ന പെണ്കുട്ടി തന്നെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ജോയിന്റ് ആർടിഒ പി.എ. നസീറിനെ ഇക്കാര്യം വിളിച്ചറിയിച്ചു.
ഉടൻതന്നെ തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസിൽ നിന്ന് വാഹനം സ്ഥലത്തെത്തി. ഈ സമയം സംഭവസ്ഥലത്തിന് സമീപം വാഹന പരിശോധനയ്ക്കായി പോയ വകുപ്പിന്റെ വാഹനവും എത്തി ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവർക്കും ശരീരത്തിൽ പരിക്കേറ്റെങ്കിലും സാരമുള്ളതല്ല. ആശുപത്രിയിൽ ആവശ്യമായ സഹായങ്ങളും നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നും മടങ്ങിയത്.
എംവിഐ സി.പി.സക്കീർ എഎംവിഐമാരായ പി.കെ ബാബു, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.