വെഞ്ഞാറമൂട്: കാർ നിയന്ത്രണംവിട്ട് വീടിലേക്ക് ഇടിച്ചു കയറി പിന്നണി ഗായകൻ കെ.ജി മാർക്കോസിന്റെ സഹോദരനും ഭാര്യക്കും ഗുരുതര പരിക്ക്.തിരുവല്ല പനയ്ക്കാമറ്റത്ത് കാരംകലത്ത് വീട്ടിൽ തോമസ് ജോർജ്ജ് (64) ഭാര്യ മിനി സൂസൺ (60) എന്നിവർക്കാണ് പരിക്കുപറ്റിയത്.
ഇന്നലെ രാത്രി 11.30 ന് സംസ്ഥാന പാതയിൽ ചടയമംഗലം ജഡായുപാറ പ്രവേശന കവാടത്തിന് മുന്നിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും വീട്ടിലേക്ക് മടങ്ങും വഴി അപകട സ്ഥലത്തു വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തോമസ് ജോർജായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ മയങ്ങിപ്പോയതാകാം വാഹനം അപകടത്തിൽപ്പെടുവാൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. ചടയമംഗലം പോലീസ് മേൽനടപടി സ്വീകരിച്ചു.