പുതുക്കാട് : ദേശീയപാത ജംഗ്ഷനിലെ സിഗ്നൽ പ്രവർത്തിക്കാത്തതുമൂലം അപകടങ്ങൾ തുടർക്കഥയാകുന്നു. ഞായറാഴ്ച വൈകീട്ടാണ് ഇന്നോവ കാറിൽ സൈലോ കാർ ഇടിച്ചത്. ആർക്കും പരിക്കില്ല. ദേശിയപാത മുറിഞ്ഞ് കടക്കുകയായിരുന്ന ഇന്നോവ കാറിൽ തൃശൂർ ഭാഗത്തേയ്ക്ക് പോയിരുന്ന സൈലോ ഇടിക്കുകയായിരുന്നു. മാസങ്ങളായി പുതുക്കാട് ജംഗ്ഷനിലെ സിഗ്നലുകൾ തകരാറിലായിട്ട്.
വ്യാഴാഴ്ച യൂത്ത് കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ സിഗ്നലിൽ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച സിഗ്നലിലെ തകരാർ പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതൽ പൂർണ്ണമായും സിഗ്നൽ സംവിധാനം തകരാറിലായി. സിഗ്നലുകൾ പ്രവർത്തിക്കാത്തതുമൂലം വാഹനങ്ങൾക്കും കാൽനടകാർക്കും ദേശീയപാത മുറിച്ചു കടക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. മാസങ്ങളേറെയായി സിഗ്നൽ സംവിധാനം ശരിയായി പ്രവർത്തിക്കാത്തത് കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ എന്ന് നാട്ടുകാർ ആരോപിച്ചു.