വടകര: കാറിടിച്ചു ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കൈക്കൊണ്ട നിലപാടിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത്. ഇക്കാര്യത്തിൽ നടപടി തേടി മനുഷ്യാവകാശ പ്രവർത്തകർ വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപെടുത്തിയിരിക്കുകയാണ്.
അപകടത്തിന് ഇരയായ വ്യക്തിക്ക് നിയമപരമായ സഹായങ്ങൾ ചെയ്യുന്നതിനു പകരം അപകടം വരുത്തിയ ആൾക്ക് ഒത്താശ ചെയ്യാനാണ് പോലീസ് തയാറായതെന്ന ആരോപണമാണ് ഉയർന്നത്. മദ്യപിച്ച കാർ ഡ്രൈവറെ ആൾക്കഹോൾ സംബന്ധമായ പരിശോധന നടത്താൻ പോലീസ് തയാറായില്ലെന്നതാണ് പ്രധാന പരാതി. പരിക്കേറ്റ യുവാവ് അവശ നിലയിൽ കഴിയുകയാണ്. സംഭവത്തിൽ വടകര പോലീസിനു സാരമായ വീഴ്ച പറ്റിയെന്നാണ് മനസിലാക്കുന്നത്.