ഡേവിസ് പൈനാടത്ത്
തൃശൂർ: കാൽനടക്കാർ സൂക്ഷിക്കുക. റോഡുകളിൽ മരണം പതിയിരിക്കുന്നു. ഇന്ത്യൻ റോഡുകളിൽ മരിക്കുന്ന കാൽനടയാത്രികരുടെ എണ്ണത്തിൽ വൻ വർധനയുള്ളതായി കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രാലയം പുറത്തുവിട്ട 2018ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2014 ൽ റോഡിൽ മരിച്ച കാൽനടക്കാരുടെ എണ്ണം 12,330 ആണെങ്കിൽ, 2018ൽ ഇതു 22,656 ആണ്; 84 ശതമാനം വർധന. 2014ൽ പ്രതിദിനം 33 പേർ മരിച്ച സ്ഥാനത്ത് 2018 ആയപ്പോൾ 61 ആയി ഉയർന്നു.
റോഡിൽ മരിച്ച കാൽനടക്കാരുടെ എണ്ണം ഓരോ വർഷവും ക്രമാനുഗതമായി വർധിച്ചുവരികയായിരുന്നു. 2015 – 13894, 2016 – 15746, 2017 – 20457, 2018 – 22656 എന്നിങ്ങനെ.
ഏറ്റവും കൂടുതൽ കാൽനടക്കാർ മരിച്ച സംസ്ഥാനം പശ്ചിമബംഗാളാണ് – 2618 പേർ. രണ്ടാംസ്ഥാനത്തു 2515 പേർ മരിച്ച മഹാരാഷ്ട്രയാണ്. 1569 പേർ മരിച്ച ആന്ധ്രയ്ക്കാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനം. രാജ്യത്തെ മൊത്തം റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 15 ശതമാനവും കാൽനടയാത്രക്കാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ റോഡിൽ കാൽനടക്കാരന്റെ അവകാശങ്ങൾക്ക് ഏറ്റവും മുൻഗണന നല്കുന്പോൾ, ഇന്ത്യയിൽ അവന്റെ അവകാശങ്ങൾ അവഗണിക്കപ്പെടുന്നതാണ് മരണനിരക്കു കൂടാനുള്ള പ്രധാന കാരണമെന്നു വിദഗ്ധർ വിലയിരുത്തുന്നു. കാൽനടക്കാരന്റെ അവകാശം മനസിലാക്കാനോ അവനു മുൻഗണന നല്കാനോ ആസൂത്രണഘട്ടത്തിലോ, ഗതാഗതനിയമ നിർമാണ സമയത്തോ അധികൃതരടക്കം തയാറാവുന്നില്ല.
നടപ്പാതകളില്ലാത്തതും, ഉള്ള നടപ്പാതകളിലെ കൈയേറ്റവും കാൽനടക്കാരനെ റോഡിലിറങ്ങി നടക്കാൻ നിർബന്ധിതമാക്കുന്ന അവസ്ഥയും മിക്കവാറും നഗരങ്ങളിലുണ്ട്. അതുകൊണ്ടുതന്നെ നഗരപ്രദേശങ്ങളിലാണ് കൂടുതൽ കാൽനടയാത്രക്കാർ വാഹനമിടിച്ചു മരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മറ്റു രാജ്യങ്ങളിൽനിന്നു വിഭിന്നമായി ഇന്ത്യയിൽ, സീബ്രാ ക്രോസുകളിലടക്കം ഏറെ കാൽനടക്കാർ വാഹനമിടിച്ചു മരിക്കുന്നുണ്ട്.