കോട്ടയം: കോട്ടയത്തിന് ഇന്നലെ കറുത്ത ഞായർ ആയിരുന്നു. വ്യത്യസ്ത അപകടങ്ങളിൽ പൊലിഞ്ഞത് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർ. ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിലാണ് നാലുവയസുകാരി എസ്തർ മരിച്ചത്. മുണ്ടക്കയം പുഞ്ചവയലിലാണ് അപകടം. മുണ്ടക്കയം കൊച്ചുപുരയ്ക്കൽ ജോമോൻ-മിനി ദന്പതികളുടെ മകളാണ് എസ്തർ.
പുഞ്ചവയൽ അഞ്ഞൂറ്റിനാല് റോഡിൽ ജീപ്പ് മരത്തിലിടിച്ച് മറിയുകയായിരുന്നു. സണ്‍ഡേ സ്കൂൾ കഴിഞ്ഞു മടങ്ങിയ കുട്ടികളാണ് ജീപ്പിലുണ്ടായിരുന്നത്. മുണ്ടക്കയം സിഎംഎസ് എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എസ്തർ.
പാലായിൽ അപകടത്തിൽ പരിക്കേറ്റവരുമായി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസ് ബൈക്കിൽ ഇടിച്ച് തമിഴ്നാട് സ്വദേശി പാലാ അളനാട് വാഴേപറന്പിൽ ശേഖരൻ (65) മരിച്ചു. പാലാ കുരിശുപള്ളി കവലയിൽ ഇന്നലെ രാവിലെ 11ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരുമായി പോവുകയായിരുന്നു ആംബുലൻസ്.
തീർഥാടക വാഹനവും പോലീസ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വൈക്കം വടയാറിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വല്ലകം പടിഞ്ഞാറേക്കര പഴുതുകാട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീശ്യം (26), അക്കരപാടം കോണിപറന്പിൽ പൊന്നപ്പന്റെ മകൻ അരുണ്‍ (25) എന്നിവരാണ് മരിച്ചത്.
മുണ്ടക്കയത്ത് ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു. കോരുത്തോട് പനക്കച്ചിറ വൈത്തിരിയിൽ തങ്കച്ചൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാറമട പഞ്ചായത്ത് കിണറിനു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ തങ്കച്ചൻ തലയിടിച്ചു വീഴുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു.