ചങ്ങനാശേരി: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ പൊലിഞ്ഞത് കുടുംബങ്ങൾക്ക് അത്താണിയാകേണ്ട യുവാക്കളാണ്.
മരണപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾ സാന്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതാണ്.
ചങ്ങനാശേരി മത്സ്യമാർക്കറ്റ് ഉള്ളാഹയിൽ രാജു വിൽസണ്-ബിന്ദു ദന്പതികളുടെ മകനാണ് അലക്സ് ജെ. വിൽസണ്(26).
ലോറി ഡ്രൈവറാണ് രാജു. ബിന്ദു മത്സ്യ മാർക്കറ്റിൽ മീൻ വെട്ടുന്ന ജോലികൾ ചെയ്യാറുണ്ട്.
ഡ്രൈവിംഗ് ജോലി ഇല്ലാത്ത സമയങ്ങളിൽ ബിന്ദുവിനൊപ്പം രാജുവും മത്സ്യമാർക്കറ്റിൽ ജോലിചെയ്യുന്നതിനൊപ്പം പെയിന്റിംഗ് ജോലിയിലും ഏർപ്പെടാറുണ്ട്.
കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അലക്സ്.
പറാൽ പാലത്തിനടുത്തുള്ള ചെറുവീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.
അലക്സിന്റെ ജ്യേഷ്ഠ സഹോദരൻ ഫിലിപ്പ് ജെ. വിൽസണ് അഞ്ചുവർഷംമുന്പ് പറാലിനടുത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു.
ഫിലിപ്പിനു പിന്നാലെ അലക്സിന്റെ മരണവും കുടുംബത്തിനു തീരാ ദുഃഖമായി.
ഷാനവാസിനും ജെബിക്കും നഷ്ടമായത് ഏകമകൻ അജ്മൽ
ചങ്ങനാശേരി: സദ്യവട്ടങ്ങളിലെ പാചകക്കാരനായ പള്ളവീട്ടിൽ ഷാനവാസ്-ജെബി ദന്പതികളുടെ ഏകമകനാണ് ചങ്ങനാശേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അജ്മൽ റോഷൻ.
നാളുകളായി ഈ കുടുംബം പുഴവാത് ഹിദായത്ത് നഗറിൽ വാടകയ്ക്കാണ് താമസിക്കുന്നത്. അജ്മൽ ബന്ധുവിന്റെ കേറ്ററിംഗ് സ്ഥാപനത്തിൽ ജോലിക്കാരനാണ്.
ഏകമകന്റെ മരണം ഷാനവാസിനും ജെബിക്കും അടങ്ങാത്ത തേങ്ങലായി. അപകടത്തിൽ മരിച്ച രുദ്രാഷ് പെരുന്നയിലുള്ള കാർ അക്സസറി സ്ഥാപനത്തിലെ ജീവനക്കാരനാണ്.
വാഴപ്പള്ളി കണിയാന്പറന്പിൽ രമേശ്-ശ്യാമള ദന്പതികളുടെ മകനാണ്. രമേശ് പെയിന്റിംഗ് തൊഴിലാളിയാണ്. അജ്മലും രുദ്രാഷും ഡ്യൂക്ക് ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.