കടുത്തുരുത്തി: അമിതവേഗത്തിൽ എത്തിയ ബൈക്ക് സ്വകാര്യബസിന്റെ പിറകിൽ ഇടിച്ചു.
അദ്ഭുതകരമായി രക്ഷപ്പെട്ട ബൈക്ക് യാത്രികരായ യുവാക്കൾ സംഭവസ്ഥലത്തു നിന്നു കടന്നു കളഞ്ഞു.
ഇന്നലെ രാത്രി 7.20ന് ആപ്പാഞ്ചിറ ജംഗ്ഷനിലാണ് സംഭവം. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ പിന്നിലാണ് ബൈക്ക് ഇടിച്ചത്.
അപകടം നടന്നയുടനെ ഓട്ടോക്കാരും വ്യാപാരികളും എത്തി യുവാക്കളായ രണ്ടു പേരെയും പിടിച്ചെഴുന്നേൽപ്പിച്ച് സമീപത്തെ വിശ്രമകേന്ദ്രത്തിൽ ഇരുത്തി.
നാട്ടുകാരുടെ ശ്രദ്ധ വാഹനത്തിന്റെ അടുത്തേക്കു തിരിഞ്ഞതോടെ യുവാക്കൾ സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.
25 വയസിൽ താഴെ മാത്രം പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവർ. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറിയതിനാൽ സ്വകാര്യബസിന്റെ സർവീസ് മുടങ്ങി.
അപകടത്തെത്തുടർന്ന് കടുത്തുരുത്തി-വൈക്കം റോഡിൽ ഗതാഗതം മുടങ്ങി.