കോട്ടയം: കുമാരനല്ലൂർ അപകടമേഖലയാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി അപകടങ്ങളാണ് മേഖലയിൽ നടന്നത്.
ഇന്നലെ രാത്രിയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓട്ടോറിക്ഷയിലിടിച്ചു രണ്ട് പേർക്കു പരിക്കേറ്റിരുന്നു.
ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന കുമാരനല്ലൂർ ഷിനാസ് മൻസിലിൽ അബ്ദുൾ കരീമിന്റെ മകൻ ഷിനാജ് (37), പെരുന്പായിക്കാട് മഠത്തിൽ രാജന്റെ മകൻ ഷെമീർ (27) എന്നിവർക്കാണ് പരിക്കേറ്റത്.
കാലിനും കൈയ്ക്കും പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30നു എംസി റോഡിൽ ചവിട്ടുവരി ജംഗ്ഷനിലാണ് അപകടമുണ്ടായത്. എറണാകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന എംഎം റോഡ് ലൈൻസ് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
എറണാകുളത്തു നിന്നും കോട്ടയത്തിനു വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കോട്ടയം നഗരത്തിൽ പരിസര പ്രദേശങ്ങളിലുമുള്ള കടകൾ ബ്രെഡ് വിൽപ്പന നടത്തുന്ന ഷിനാജും ഷെമീർ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
അപകടത്തെ തുടർന്നു ഏറെ നേരം റോഡിൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസവും ഇവിടെ അപകടം നടന്നിരുന്നു.