കൊളത്തൂർ: റോഡിൽ തള്ളിയ കോഴി അവശിഷ്ടത്തിൽ വഴുതി ഒന്നര മണിക്കൂറിനിടെ ഒരേ സ്ഥലത്തു സംഭവിച്ചതു ഏഴു ബൈക്ക് അപകടങ്ങൾ.
ഇതിൽ പരിക്കേറ്റ അഞ്ചു പേരെ മാലാപറന്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാർമല സ്വദേശി ജാഫർ (48), കുരുവന്പലം സ്വദേശികളായ അബ്ദുൾ നാസർ (45), ഹുസൈൻ (22), വെങ്ങാട് സ്വദേശികളായ ശരത് (22) ഭാര്യ നീതു (18) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അങ്ങാടിപ്പുറം- കുളത്തൂർ റോഡിൽ മാലാപറന്പ് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിനു മുൻവശത്ത് റോഡിൽ വളവോടു കൂടിയ ഇറക്കത്തിലാണ് കഴിഞ്ഞ രാത്രിയിൽ മാലിന്യം തള്ളിയത്.
വളവായതിനാൽ മാലിന്യത്തിനടുത്തെത്തുന്പോൾ മാത്രമേ ഇതു കാണാൻ കഴിയൂ. ചെറിയ തോതിൽ മഴ കൂടി പെയ്തതോടെയാണ് ഈ ഭാഗത്ത് അപകടപരന്പര അരങ്ങേറിയത്.
സംസ്ഥാന പതയുടെ ഭാഗമായ റോഡിൽ പുത്തനങ്ങാടി ഗേറ്റ് മുതൽ ഓണപ്പുട വരെ ദിവസേനയെന്നോണം ചാക്കു കണക്കിനു മാലിന്യമാണ് തള്ളുന്നത്.
റോഡിൽ ഈ ഭാഗങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായിയുണ്ട്. ഇതുവരെയും ഇക്കാര്യത്തിൽ അനുകൂലമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.