ശ്രീകണ്ഠപുരം: പെരുമണ്ണ് ദുരന്തത്തിന്റെ സ്മരണ പുതുക്കി നാട്. 10 വിദ്യാർഥികൾ മരിച്ച പെരുമണ്ണ് വാഹനാപകടത്തിന്റെ 11 ാം വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ഇന്നുരാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും രാഷ്ട്രീയ-സാമൂഹ്യമേഖലകളിലെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി എഇഒ ലിസ ജേക്കബ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, വൈസ് പ്രസിഡന്റ് എം.എം. മോഹനൻ, പഞ്ചായത്തംഗം കെ.വി. നൈലൂഫർ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ എൻഡോവ്മെന്റ് വിതരണവും നടത്തി. 2008 ഡിസംബർ നാലിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
പെരുമണ്ണ് നാരായണ വിലാസം എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. 11 വിദ്യാർഥികൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. വൈകുന്നേരം സ്കൂൾ വിട്ട് സംസ്ഥാന പാതയരികിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളുടെ നേരെ ക്രൂയിസർ ഇടിച്ചു കയറുകയായിരുന്നു.
എ. സാന്ദ്ര, പി.വി. മിഥുന, എൻ. വൈഷ്ണവ്, കെ. നന്ദന, പി. റംഷാന, പി.വി. അനുശ്രീ, പി.വി. അഖിന, പി. സോന, പി.കെ. കാവ്യ, കെ. സഞ്ജന എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ പി.വി. അനുശ്രീയും പി.വി. അഖിനയും സഹോദരങ്ങളാണ്. മരിച്ചവരെല്ലാം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിൽ അടുത്തടുത്ത് ഇരിക്കുന്നവരായിരുന്നു.
വീട്ടുമുറ്റത്തേക്ക് എത്താൻ നിമിഷനേരം മാത്രമുള്ളപ്പോഴാണ് മിഥുനയെ മരണം തേടിയെത്തിയത്. അപകടം നടന്ന് വർഷങ്ങൾക്ക് ശേഷം ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആറ് മാസം മുമ്പാണ് ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുൽ കബീറിനെ തലശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.