യുവാക്കളുടെ അക്കൗണ്ടുകളിലേക്കു കണക്കില്ലാതെ ലക്ഷക്കണക്കിനു രൂപ ഒഴുകിയെത്തിയതിനു പിന്നാലെ കാഞ്ഞങ്ങാട്ടെത്തിയ തമിഴ്നാട്, മലപ്പുറം പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലെ യുവാക്കളാണ് കെണിയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ തമിഴ്നാട് പ്രത്യേക പോലീസ് സംഘം ഇത്തരത്തില്‍ അക്കൗണ്ട് വഴി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കു പണം കൈമാറി നല്കിയ തീരദേശത്തെ യുവാവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട്ടിലേക്കു കൊണ്ടുപോയി.
കാഞ്ഞങ്ങാട് സ്വദേശിയായ മറ്റൊരു യുവാവിനെ മലപ്പുറം പോലീസ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടുനിന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് കൂളിയങ്കാല്‍ സ്വദേശിയായ യുവാവിനെ രണ്ടാഴ്ച മുന്‍പ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. നിരോധിത ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ജില്ലയില്‍നിന്നു വന്‍തുക നല്കി ബാങ്ക് അക്കൗണ്ടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെല്ലാം പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്.
കൗമാരക്കാരായ നിരവധി പേരുടെ അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വാങ്ങി അതിലൂടെ പണമിടപാടുകള്‍ നടത്തുന്നതായാണു കണ്ടെത്തല്‍. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടത്തി പണം പിൻവലിച്ചിട്ടുണ്ടെന്നാണു വിവരം. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ജില്ലയിലെ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കെടുത്ത് പണം പിന്‍വലിച്ചിട്ടുണ്ട്.
പുതിയ അക്കൗണ്ടുകള്‍ എടുപ്പിക്കുകയോ നിലവിലുള്ള അക്കൗണ്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുകയോ ചെയ്യുകയാണ് ഇവരുടെ രീതി. പുതിയ അക്കൗണ്ട് എടുക്കുകയാണെങ്കില്‍ നല്കുന്ന ഫോണ്‍ നമ്പര്‍ ഇവരുടെ നിയന്ത്രണത്തിലുള്ളതാകും. നിലവിലുള്ള അക്കൗണ്ടുകളാണെങ്കില്‍ ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ ബാങ്കില്‍ അപേക്ഷ നല്കി മാറ്റും. ഇതിലെ ഓപ്പറേഷനുകള്‍ പൂര്‍ണമായും ഇലക്ട്രോണിക്കാണ്. എറണാകുളം കേന്ദ്രീകരിച്ചും ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ട്.
വാടകയ്ക്ക് എടുക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ടില്‍ വരുന്ന പണത്തിന്റ ഒരു ശതമാനം നല്‍കാമെന്നാണു വാഗ്ദാനം. പക്ഷേ, അക്കൗണ്ടില്‍ വരുന്ന യഥാര്‍ഥ തുക ഒരിക്കലും അക്കൗണ്ട് ഉടമ അറിയുന്നുണ്ടാവില്ല. ഇടയ്ക്കിടയ്ക്ക് യഥാര്‍ഥ അക്കൗണ്ട് ഉടമയ്ക്ക് ഇവര്‍ കുറച്ച് പണം നല്‍കും.
കെണി അറിയാതെ തുച്ഛമായ തുക വാങ്ങി അക്കൗണ്ട് വിറ്റവര്‍ ഇപ്പോള്‍ പെട്ടിരിക്കുകയാണ്. 5000 രൂപയ്ക്കു വേണ്ടി സ്വന്തം അക്കൗണ്ട് വഴി പണം പിൻവലിച്ചു നല്കിയവരും ഇതിലുണ്ട്. ചെറുപ്പക്കാര്‍ തട്ടിപ്പിന്റെ ഗൗരവം അറിയാതെയായിരുന്നു പണം എടുത്ത് നല്‍കിയത്. പലരും 20 ലക്ഷം രൂപ വരെ സംഘങ്ങള്‍ക്കു പിന്‍വലിച്ചു നല്‍കിയിട്ടുണ്ട്. അക്കൗണ്ട് വിറ്റവരില്‍ പലരും പോലീസ് കസ്റ്റഡിയിലാണ്.
എന്നാല്‍ അക്കൗണ്ട് വാങ്ങിയ വരെ ഒരാളെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുറച്ച് പണത്തിന്റെ ആവശ്യത്തിനായി സുഹൃത്തിന് അക്കൗണ്ട് എടുത്തു നല്‍കിയെന്നാണ് പിടിയിലായവര്‍ പറയുന്നത്. പലരും ഈ പറയുന്ന സുഹൃത്തിനെ ഇവര്‍ നേരില്‍ കണ്ടിട്ടുപോലുമില്ല. ഇന്‍സ്റ്റഗ്രാമിലൂടെയോ ടെലിഗ്രാമിലൂടെയോ പരിചയപ്പെട്ടവരാണ് സുഹൃത്തുക്കള്‍.