കോഴിക്കോട്: തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശേരി ചുങ്കം സ്വദേശിയായ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്.
പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.താമരശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പുർ പോലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്.
അക്കൗണ്ടിൽനിന്ന് പണം അയയ്ക്കാൻ കഴിയാതിരുന്നതിനെ ത്തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ജയ്പുരിലെ ജവഹർ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്.
തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ വഴി അയച്ചിരുന്നു. ജവഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട് മരവിപ്പിച്ചത്.
താമരശേരി പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഇവിടെ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്.