തിരുവനന്തപുരം: ഷുഹൈബ് വധത്തിന്റെ കാരണം രാഷ്ട്രീയമെന്ന് ടി.സിദ്ദിഖ് എംഎല്‍എ. 2018 ഫെബ്രുവരി 12ന് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ അതിഭീകരമായാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് എംഎല്‍എ പറഞ്ഞു.
തട്ടുക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭീകര ക്വട്ടേഷന്‍ സംഘം വന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മരം വെട്ടുന്നതുപോലെ 41 തവണ വെട്ടി കൊലപ്പെടുത്തി. പ്രതികള്‍ സിപിഎം ക്വട്ടേഷന്‍ സംഘമാണെന്നും എംഎല്‍എ ആരോപിച്ചു.
ഇതിന് പിന്നാലെ ഭരണപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. ചട്ടപ്രകാരമല്ലാത്ത പരാമര്‍ശങ്ങള്‍ സഭാ രേഖയില്‍ ഉണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
സിപിഎം നിയന്ത്രിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ ഫേസ്ബുക്ക് പേജിലെ കമന്റുകളുമായി ബന്ധപ്പെട്ടാണ് അടിയന്തര പ്രമേയമെന്ന് എംഎല്‍എ പറഞ്ഞു. പാര്‍ട്ടി നേതാക്കളാണ് ഇത് ചെയ്യിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.
കൊലപാതകം ആസൂത്രണം ചെയ്തവര്‍ക്ക് ജോലിയും തങ്ങള്‍ക്ക് പട്ടിണിയും എന്ന് വെളിപ്പെടുത്തിയത് കേസിലെ ഒന്നാം പ്രതിയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
ജന്മി കുടിയാന് സമരവുമായി ബന്ധപ്പെട്ട് ധീരരക്തസാക്ഷികള്‍ പിറന്ന തില്ലങ്കേരിയില്‍ ഇപ്പോള്‍ നടക്കുന്നത് കൊല ചെയ്തവനും അവരെ കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണ്.
ഷുഹൈബ് വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ കേസ് വാദിക്കാന്‍ സിപിഎം ലക്ഷങ്ങള്‍ മുടക്കി വക്കീലന്മാരെ എന്തിന് കൊണ്ടുവന്നെന്ന് എംഎല്‍എ ചോദിച്ചു. സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നത് പ്രതികളെ രക്ഷിക്കാനാണെന്നും എംഎല്‍എ പറഞ്ഞു.