കോതമംഗലം: കേരളമണ്ണിലെത്തിയ അച്ചാച്ചെറു എന്ന പുതിയ പഴവും മലയാളിക്കു പ്രിയങ്കരമാകുന്നു. പഴങ്ങൾക്കു വലിയകോഴിമുട്ടയുടെ വലിപ്പവും രൂപവും ഗ്ലോസി ഓറഞ്ചിന്റെ കളറുമാണ്. പുളി കലർന്ന മധുരരുചി ഏറെ ആസ്വാദ്യകരം. തെക്കൻ ആമസോണ്‍ മേഖലയിലെ ബൊളീവിയ ആണു അച്ചാച്ചെറുവിന്റെ ജന്മദേശം. മാംഗോസ്റ്റീൻ കുടുംബത്തിൽനിന്നുള്ള ഇതിനു ബൊളീവിയൻ മാംഗോസ്റ്റീൻ എന്നുകൂടി പേരുണ്ട്.
പുറത്തോട് നടുവേ പിളർന്നെടുക്കുന്ന ഉള്ളിലെ മാംസളഭാഗം ആണു ഭക്ഷ്യയോഗ്യം. നാലാം വർഷം പൂവിടുന്ന മരങ്ങളിൽ അഞ്ചാം വർഷം മുതൽ നല്ല വിളവ് ലഭിച്ചു തുടങ്ങും. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങളിൽ അച്ചാചെറു വ്യാവസായികമായി കൃഷി ചെയ്തുവരുന്നു. മാംഗോസ്റ്റീൻ പോലെ തണൽ ആഗ്രഹിക്കുന്ന അച്ചാചെറു ദീർഘകാലത്തേക്കു ഫലം നൽകും.
വിദേശങ്ങളിൽനിന്നു വിത്തോ തൈയോ കേരളത്തിലെത്തിച്ചു നട്ടുപിടിപ്പിച്ച പലർക്കും ഫലം ലഭിച്ചുതുടങ്ങി. കുരു മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണു കൃഷിക്കായി ഉപയോഗിക്കുന്നത്. പ്രമുഖ നഴ്സറികളിൽ ഇതിന്റെ തൈകൾ ഇപ്പോൾ ലഭ്യമാണ്. രണ്ടായിരത്തോളം രൂപ വിലയുണ്ടായിണ്ടായിരുന്ന തൈകൾ ഇപ്പോൾ ആയിരം രൂപയിൽ താഴെ ലഭിക്കും.