ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് ചിത്രത്തിലൂടെ കരിയര്‍ മാറിയ താരമാണ് സലിംകുമാര്‍.
അതുവരെ കോമഡി റോളുകള്‍ ചെയ്ത താരത്തെ സീരിയസ് റോളിലേക്ക് സംവിധായകന് കൊണ്ടുവരുകയായിരുന്നു.
ശക്തമായ ഒരു പ്രമേയം പറഞ്ഞ് ഒരുക്കിയ ചിത്രം സലീംകുമാറിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി.
ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയിലാണ് ലാല്‍ജോസ് ഈ സിനിമ ചെയ്തത്. സാമുവേല്‍ എന്ന കഥാപാത്രമായി സലിംകുമാര്‍ അഭിനയിച്ച അച്ഛനുറങ്ങാത്ത വീട് നിരൂപക പ്രശംസകളും പ്രേക്ഷകപ്രശംസകളും ഒരേപോലെ നേടിയെടുത്ത ചിത്രം കൂടിയാണ്.
സലിംകുമാറിനൊപ്പം പൃഥ്വിരാജ്, മുക്ത, സംവൃത സുനില്‍, സുജ കാർത്തിക, ഇന്ദ്രജിത്ത്, മുരളി ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലേക്ക് സലിംകുമാര്‍ എത്തിയതിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ലാല്‍ജോസ് തുറന്നിരുന്നു.
ഹാസ്യവേഷങ്ങള്‍ കൂടുതലായി ചെയ്തിരുന്ന ഈ നടന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉളളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകള്‍ അത് പ്രകടിപ്പിച്ചിരുന്നില്ല.
അത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി. ആ സിനിമയുടെ കഥ പറയുമ്പോള്‍ എന്റെ മനസില്‍ സലിംകുമാറിന്റെ മുഖം മാത്രമാണ് ഉണ്ടായിരുന്നത്.
സലിംകുമാര്‍ പെട്ടെന്ന് തന്റെ അഭിനയരീതി മാറ്റിയപ്പോള്‍ അതൊരു പുതിയ അവതരണമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടു.
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന പുരസ്കാരം സലിംകുമാറിന് കിട്ടി.
ആ സിനിമയാണ് പിന്നീട് ആദാമിന്റെ മകന് അബു സലീംകുമാറിലേക്ക് വരാനുളള കാരണവും. ആദാമിന്റെ മകന് എന്ന ചിത്രത്തിലൂടെ സലിംകുമാര്‍ ദേശീയ പുരസ്കാരവും നേടി- അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു.
അതേസമയം അച്ഛനുറങ്ങാത്ത വീടും, ആദാമിന്റെ മകന് അബുവും ചെയ്ത ശേഷവും കോമഡി റോളുകള്‍ വീണ്ടും ഈ നടന് ചെയ്തിരുന്നു. മിമിക്രി രംഗത്തും നിന്നു സിനിമയിലെത്തിയ താരമാണ് കലാകാരനാണ് സലിംകുമാര്‍.
ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ മുന്‍നിര ഹാസ്യതാരമായി വളരുകയായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ ഏറെ പ്രാധാന്യമുളള വേഷങ്ങളില്‍ നടന് അഭിനയിച്ചു.
-പി.ജി