മാവേലിക്കര: ഒരു വര്‍ഷത്തിന് മുന്‍പ് അച്ചന് കോവിലാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം സ്വവര്‍ഗ രതിക്കിടെ സംഭവിച്ച കൊലപാതകമെന്ന് പോലീസ്. മരിച്ചയാളെ തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധന വഴി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് മാവേലിക്കര വലിയപെരുമ്പുഴ പാലത്തിന് കിഴക്കുവശം അച്ചന്‍കോവിലാറ്റില്‍ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തിയിരുന്നു.
പിന്നീട് ഡിഎന്‍എ പരിശോധന വഴി മൃതദേഹം ഇതേ കാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്ന് കാണാതായ കണ്ണമംഗലം കൈതവടക്ക് കന്നേല്‍ വീട്ടില്‍ വിനോദി(34)ന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.
മുങ്ങിമരണം എന്ന് ധരിച്ച് അവസാനിപ്പിക്കേണ്ട കേസില്‍ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കേസില്‍ ചെട്ടികുളങ്ങര പേള ഷിബുഭവനത്തില്‍ ഷിബു കാര്ത്തികേയന്(32), പേള കൊച്ചുകളീക്കല്‍ അനില്‍കുമാര്‍(45) എന്നിവര്‍ പിടിയിലായി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വലിയപെരുമ്പുഴ പാലത്തിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം ജീർണാവസ്ഥയില് വിവസ്ത്രനായ നിലയില്‍ പൊങ്ങി.
ഇതേകാലയളവില്‍ ചെട്ടികുളങ്ങരയില്‍ നിന്നും കാണാതായ വിനോദിന്റേതാണോ മൃതദേഹം എന്ന നിലയില്‍ പോലീസിന് സംശയം തോന്നിയിരുന്നെങ്കിലും ബന്ധുക്കള്‍ തിരിച്ചറിഞ്ഞില്ല.
മൃതദേഹത്തെ കുറിച്ചുള്ള സംശയത്തെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ ഡിഎന്‍എയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ അയച്ചിരുന്നു.
തുടര്‍ന്ന് 2021 ജനുവരി മാസത്തില്‍ വന്ന പരിശോധനാ ഫലത്തില്‍ മരിച്ചത് വിനോദാണെന്ന് തെളിഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം വെള്ളത്തില്‍ മുങ്ങി സംഭവിച്ചതാണെന്നും വ്യക്തമായി. ഇതിനിടെ 2020 ഫെബ്രുവരി 28ന് വൈകുന്നേരം 4.30ന് വിനോദിനെ രണ്ടുപേര്‍ പനച്ചമൂട് ഭാഗത്തു വച്ച് ബൈക്കില്‍ പിന്തുടര്ന്ന് ചെല്ലുന്നതും ബൈക്കില്‍ പിടിച്ചുകയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്ക് കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ സമീപത്തെ പമ്പിലെ സിസിടിവി കാമറയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിനോദിന്റെ അയല്‍വാസിയായ ഷിബു ഇയാളെ ഭീഷണിപ്പെടുത്തി സ്വവര്‍ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു എന്നും ഷിബുവും സുഹൃത്ത് അനിലും ചേര്‍ന്ന് വിനോദിനെ ആളൊഴിഞ്ഞ പറമ്പിലേക്കും മറ്റും കൊണ്ടുപോകാറുണ്ടെന്നും അറിവുലഭിച്ചു.
ഷിബുവിനെ ബൈക്കില്‍ പിടിച്ചു കയറ്റിയതും ഇവരാണെന്ന് വ്യക്തമായതോടെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യം അവര്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ സമ്മതിക്കുകയായിരുന്നു.
ഇതിനിടെ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ അനില്‍ സുഹൃത്തുക്കളോടു വെളിപ്പെടുത്തല്‍ നടത്തിയ വിവരവും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡു ചെയ്തു.