തൊടുപുഴ: മലയോര ജില്ലയായ ഇടുക്കിയിൽ നിന്നും മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ വെങ്ങല്ലൂർ അച്ചൻകവലയിൽ ഒരുക്കുന്ന പരിശീലന മൈതാനം നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ.
മുന്പും എൻ.പി. പ്രദീപിനെപോലെയുള്ള മികച്ച താരങ്ങൾ ഫുട്ബോൾ രംഗത്ത് ഉദയം ചെയ്തെങ്കിലും നല്ലൊരു കളിക്കളമില്ലാത്തതിന്റെ കുറവ് ഇവരുടെ പരിശീലനത്തിനു തടസമായിരുന്നു.
ഇതിനു പരിഹാരമെന്ന നിലയിൽ സ്പോർട്സ് ആന്റ് ഗെയിംസ് വെൽഫെയർ അസോസിയേഷനാണ് മൈതാന നിർമാണത്തിനു നേതൃത്വം നൽകിയത്. മുൻ സന്തോഷ് ട്രോഫി താരവും അസോസിയേഷൻ സെക്രട്ടറിയുമായ പി.സലിംകുട്ടിയുടെ ഏറെ നാളത്തെ പരിശ്രമമാണ് ഇതോടെ സഫലമാകുന്നത്.
ജില്ലയുടെ പ്രവേശന കവാടമായ അച്ചൻകവലയ്ക്കും വെങ്ങല്ലൂരിനുമിടയിൽ 2.10 ഏക്കറിലാണ് ഫുട്ബോൾ മൈതാനം യാഥാർഥ്യമാകുന്നത്. 100 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലുമാണ് ഇതിന്റെ നിർമാണം.
അഞ്ചു വയസു മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇവർക്ക് മികച്ച പരിശീലനം നൽകുന്നതിലൂടെ രാജ്യാന്തര നിലവാരമുള്ള ഫുട്ബോൾ താരങ്ങളായി വളർത്തിയെടുക്കാൻ കഴിയുമെന്നും സലിംകുട്ടിയും സഹപ്രവർത്തകരും പ്രതീക്ഷിക്കുന്നു.
നിർധനരായ കുട്ടികളെ ഫുട്ബോൾ രംഗത്ത് വളർത്തിയെടുക്കുക എന്നതും പ്രധാന ലക്ഷ്യമാണ്. ജില്ലയ്ക്ക് മികച്ച ഒരു ഫുട്ബോൾ മൈതാനം എന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും ഇതൊന്നും കായിക വകുപ്പോ ബന്ധപ്പെട്ടവരോ പരിഗണിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഏതാനും വർഷത്തേക്ക് പാട്ടത്തിനെടുക്കുകയായിരുന്നു. പിന്നീടാണ് സ്ഥലം നിരപ്പാക്കി സ്റ്റേഡിയം നിർമാണം ആരംഭിച്ചത്.
സ്റ്റേഡിയം നിർമാണത്തിന് സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം തേടിയില്ല. സ്വന്തമായ നിലയക്ക് കണ്ടെത്തിയ പത്തു ലക്ഷത്തോളം രൂപയായിരുന്നു നിർമാണ മൂലധനം. നിർമാണം പൂർത്തിയായ മൈതാനം ഈ മാസം തന്നെ ഉദ്ഘാടനം നടത്തി ഫുട്ബോൾ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്ന കായിക താരങ്ങൾക്കായി തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. വരുന്ന 15 മുതൽ മൈതാനത്ത് ഫുട്ബോൾ കോച്ചിംഗ് ക്യാന്പ് തുടങ്ങും. ആദ്യഘട്ടത്തിൽ നൂറോളം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാനാണ് ലക്ഷ്യം വയ്ക്കുന്നത്. പരിശീലനം നൽകുന്നതിനായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഇവിടെയെത്തിക്കും. പരിശീലനം തേടുന്ന കുട്ടികൾക്ക് ഇതോടൊപ്പം അനുബന്ധ സൗകര്യങ്ങളും നൽകും. സ്റ്റേഡിയത്തിൽ കുട്ടികൾക്കായി നീന്തൽക്കുളം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.
സന്തോഷ് ട്രോഫി താരമായിരുന്ന പി.സലിംകുട്ടി കാലിനു പരിക്കേറ്റതിനെ തുടർന്നാണ് പിന്നീട് ദേശീയ മത്സര രംഗത്തു നിന്നും പിൻവാങ്ങിയത്. എങ്കിലും തൊടുപുഴയിലെ കായികരംഗത്തും പൊതു രംഗത്തും നിറ സാന്നിധ്യമാണ് ഈ മുൻ സന്തോഷ് ട്രോഫി താരം. പ്രതിഫലേച്ഛയില്ലാതെയാണ് സലിംകുട്ടിയുടെ കായിക രംഗത്തെ പ്രവർത്തനങ്ങൾ.