ന്യൂഡൽഹി: രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഗൂഢാലോചന നടത്തുന്നതായി യോഗ ഗുരു ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ.
രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണ് ഐഎംഎ രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍. പൗരന്മാര് ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്ന് ബാലകൃഷ്ണ ട്വിറ്ററിൽ കുറിച്ചു.
ഐഎംഎ പ്രസിഡന്റ് ഡോ. ജെ.എ ജയലാലാണ് മതപരിവർത്തനത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബാലകൃഷ്ണയുടെ ട്വീറ്റിനെതിരേ ഡോക്ടർമാർ ഉൾപ്പെടെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അലോപ്പതിക ചികിത്സ വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു.
കോവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്സ് കൺട്രോളജർ ജനറൽ അനുമതി നല്കിയ റംഡിസീവർ, ഫവിഫ്ലൂ തുടങ്ങിയ മരുന്നുകൾ പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്.
പരാമർശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹർഷവർധൻ ആവശ്യപ്പെട്ടിരുന്നു അലോപ്പതി മരുന്നുകൾ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.
കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് രാംദേവിനു നല്കിയ കത്തിൽ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ രാംദേവ് പ്രസ്താവന പിൻവലിച്ച് മാപ്പും പറഞ്ഞിരുന്നു.