കോഴിക്കോട്: കാറില്‍ ചാരിനിന്നതിന്റെ പേരില്‍ മര്‍ദനമേറ്റ കുട്ടിയെ കാറില്‍ കയറ്റി യാത്ര ചെയ്യിച്ചും കളിപ്പാട്ടങ്ങളും സമ്മാനങ്ങളും നല്‍കിയും സ്നേഹം പകര്‍ന്നു സ്വര്‍ണ വ്യാപാരി.
കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചനാണ് തന്റെ കാര്‍ണിവല്‍ കാറില്‍ കുട്ടിയെ കയറ്റി കോഴിക്കോട് നഗരം കാണിച്ചും സമ്മാനങ്ങള്‍ നല്‍കിയും ആശ്വാസം പകര്‍ന്നത്.
നവംബര്‍ മൂന്നിനു തലശേരി നാരങ്ങാപ്പുറത്തു റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്ന രാജസ്ഥാന് ദമ്പതികളുടെ ആറു വയസുള്ള ഗണേഷിനാണ് കാറുടമ പൊന്ന്യംപാലം മുഹമ്മദ് ഷിനാദിന്റെ മര്‍ദനമേറ്റിരുന്നത്.
ഷിനാദിനെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. രാജസ്ഥാനില്‍നിന്നു ജോലി തേടിയെത്തിയ കുടുംബത്തിലുള്ള ഗണേഷിനു മര്‍ദനറ്റേ സംഭവം സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ തലശേരിയില്‍ എത്തിയ ടോണി വര്ക്കിച്ചന് ഗണേഷിനെയും മാതാപിതാക്കളെയും കാണുകയും സഹായധനം നല്‍കുകയും ചെയ്തിരുന്നു.
കുട്ടി ആശുപത്രി വിട്ടാല്‍ തന്റെ കാര്‍ണിവല്‍ കാറില്‍ യാത്രചെയ്യാമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ആശുപത്രി വിട്ട കുട്ടി ഇതുവരെ ശിശുഭവനിലായിരുന്നു.
നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. ടോണിയുടെ ക്ഷണപ്രകാരം അവര്‍ ഇന്നലെ കോഴിക്കോട്ടെത്തി. അദ്ദേഹം ഗണേഷിനെയും മാതാപിതാക്കളെയും കാറില്‍ കയറ്റി ബീച്ചും നഗരവും കാണിച്ചുകൊടുത്തു.
സാമ്പത്തിക സഹായവും നല്കി. ഗണേഷിനു കളിപ്പാട്ടങ്ങള്‍ നല്കി.കുടുംബത്തിനു രാജസ്ഥാനിലേക്കു പോകാനുള്ള റെയില്‍വേ ടിക്കറ്റും എടുത്തു കൊടുത്തു.
തിരുവനന്തപുരത്തു കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും സഹായഹസ്തവുമായി ഇദ്ദേഹം എത്തിയിരുന്നു.
സ്വര്‍ണ വ്യാപാരത്തിലെ ലാഭത്തിന്റെ 60 ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നു ടോണി വര്ക്കിച്ചന് പറഞ്ഞു. കോട്ടയം നഗരത്തില്‍ ദിവസം 400 പേര്‍ക്കു സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.