യൂത്തന്മാരെ കൈയിലെടുക്കാൻ എന്തരൊക്കെയോ വിദ്യകളുമായി അച്ചായൻസ് രംഗത്തെത്തിയിട്ടുണ്ട്. ഇവർ കാട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ യൂത്തന്മാർ വരെ ചിലപ്പോൾ കണ്ണുരുട്ടിയെന്നു വരും.ലോജിക്കില്ലായ്മയുടെ പുറത്ത് ദ്വയാർഥങ്ങളുടെ കുത്തഴിച്ച് വിടുകയാണ് സംവിധായകൻ കണ്ണൻ താമരക്കുളം അച്ചായൻസിൽ ചെയ്തിരിക്കുന്നത്. ഒരു പടം വിജയിപ്പിച്ചെടുക്കാൻ മിനിമം വേണ്ടത് കള്ളുകുടിയും പിന്നെ കുറച്ച് പോക്കിരിത്തരങ്ങളും അതിനെയെല്ലാം ന്യായീകരിക്കാൻ തക്കവണ്ണമുള്ള ബിൽഡപ്പുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംവിധായകന്റെ ഒരു അറുന്പോറൻ സസ്പെൻസ് ത്രില്ലറാണ് അച്ചായൻസ്. ത്രില്ലെന്നെല്ലാം ചുമ്മാ പറഞ്ഞതാ..
പറയത്തക്ക ഒരു ത്രില്ലും ചിത്രം നല്കുന്നില്ല. ജയറാമിനെ പോലൊരു നടൻ ഇനിയെങ്കിലും ഈ സ്റ്റൈലിഷ് ഗെറ്റപ്പിനായുള്ള കാട്ടിക്കൂട്ടൽ ഒഴുവാക്കിയില്ലെങ്കിൽ ശരിക്കും പാടുപെടും. ഒരു കിടിലൻ കുടുംബ പശ്ചാത്തലമെല്ലാം ഒരുക്കി കുടുംബപ്രേക്ഷകരെ കൂടി ആകർഷിക്കാൻ അച്ചായൻസ് ടീം ഒരു ശ്രമമൊക്കെ നടത്തിയിട്ടുണ്ട്. അത് എത്രകണ്ട് ഏശുമെന്ന് കണ്ടു തന്നെ അറിയാം.
തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള കണ്ണൻ താമരക്കുളത്തിന്റെ മൂന്നാമത്തെ സംവിധാന സംരംഭത്തിലും നായകൻ ജയറാം തന്നെ. ഇത്തവണ പക്ഷേ ട്രെയിലറും മറ്റും ഇറക്കി ഒരു ഓളം ഉണ്ടാക്കാൻ അച്ചായൻസ് ടീമിന് കഴിഞ്ഞു. പ്രകാശ് രാജ്, ഉണ്ണിമുകുന്ദൻ, ജനാർദ്ദനൻ, അമല പോൾ, അനു സിത്താര, ശിവദ തുടങ്ങിയ താരനിരയെ കൂടി അണിനിരത്തിയപ്പോൾ എവിടെയോ ഒരു ഹിറ്റ് മണക്കുന്നതിന്റെ സൂചന തന്നുവെങ്കിലും തിയറ്ററിൽ നിന്ന് രണ്ടരമണിക്കൂറിനടുത്തുള്ള ചിത്രം കണ്ടിറങ്ങിയപ്പോൾ ബാക്കിയായത് നിരാശമാത്രമാണ്.
ആദ്യ ചിത്രത്തേക്കാൾ ഭേദം രണ്ടാം ചിത്രം രണ്ടാം ചിത്രത്തെക്കാൾ ഭേദം മൂന്നാം ചിത്രം എന്നു പറയിപ്പിക്കാനുള്ള കണ്ണൻ താമരക്കുളത്തിന്റെ ശ്രമം മാത്രമാണ് അച്ചായൻസ്. മറ്റ് രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം ഭേദമെന്നു പറയാം പക്ഷേ പതിവ് പോലെ വെറുപ്പിക്കലിന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മാത്രം.
പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ നടക്കുന്ന മൂന്നുപേർ. പൂത്ത കാശുള്ള വീട്ടിലെ പയ്യന്മാർ.അവർക്ക് കള്ളുകുടി, ഉറക്കം, ഫുഡ് അടി എന്നിവയൊക്കെ തന്നെ പ്രധാന പരിപാടികൾ. ടോണി(ഉണ്ണി മുകുന്ദൻ), എബി(ആദിൽ), റാഫി(സഞ്ജു), ആ കസിൻസിന്റെയെല്ലാം മൂത്ത കസിൻ റോയ് തട്ടാരത്തിൽ(ജയറാം). മൂപ്പെന്നു പറയുന്പോൾ തന്നെ ഉൗഹിക്കാലോ എല്ലാ പോക്കിരിത്തരങ്ങളുടെയും തലതൊട്ടപ്പൻ. പുലിമുരുകനിലെ മൂപ്പനെ പോലെ റോയിയുടെ മാഹാത്മ്യങ്ങൾ ഇടയ്ക്കിടെ വിളിച്ചു പറയുന്ന അരുമയായ കസിൻസായി ഉണ്ണി മുകുന്ദനും ആദിലും സഞ്ജുവും ചിത്രത്തിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.
ടോണിയുടെ കല്യാണത്തിന് മുന്നോടിയായുള്ള ധ്യാനകേന്ദ്രം സന്ദർശിക്കലും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ഇടയ്ക്കിടെ ചിത്രത്തിൽ ചിരി ഉണർത്തുന്നുണ്ട്. ജീവിതം ആഘോഷമാക്കി മാറ്റാനുള്ള ഇവരുടെ പോക്ക് ചില കശപിശകളിൽ ചെന്നു പെടുന്നതോടെയാണ് ചിത്രത്തിന്റെ ടോണ് മാറുന്നത്.
ഒന്നാം പകുതിക്ക് തൊട്ടുമുന്പായി പ്രകാശ് രാജിന്റെ കടന്നു വരവോടെ ബിജിഎം ഇട്ട് രതീഷ് വേഗയുടെ വെറുപ്പിക്കൽ ആരംഭിച്ചു. സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ബിജിഎം ഇട്ട് പ്രേക്ഷകരെ വല്ലാതെ പരീക്ഷിക്കുന്നുണ്ട് ചിത്രത്തിൽ. ആദ്യ പകുതിയിലെ അടിച്ചുപൊളിയിൽ നിന്നു രണ്ടാം പകുതിയിലെ സസ്പെൻസ് ത്രില്ലർ മൂഡിലേക്ക് ചിത്രം കടക്കുന്നതോടെ ട്വിസ്റ്റുകളില്ലാതെ മുന്നോട്ട് പോകാൻ പറ്റില്ലായെന്നുള്ള അവസ്ഥയിലേക്ക് ചിത്രം എത്തും.
പിന്നെ അങ്ങോട്ട് സംഭാഷണങ്ങളിൽ തിരുകിയുള്ള ട്വിസ്റ്റുകളാണ് കാണാൻ കഴിയുക.കേസ് അന്വേഷണവും മറ്റും കൊണ്ടുവന്ന് ചിത്രത്തെ സീരിയസ് മൂഡിലേക്ക് തള്ളിയിടാനുള്ള ശ്രമം ലോജിക്കില്ലായ്മയിൽ തട്ടി തെറിച്ച് പോകുന്നുണ്ട്.സസ്പെൻസ് ത്രില്ലർ ലേബലിലേക്ക് ചിത്രത്തെ കടത്തിവിട്ട് കാട്ടുന്ന വിഡ്ഡിത്തരങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാതെ വരുന്നിടത്താണ് ചിത്രം അന്പേ പരാജയമാകുന്നത്.
കാമറയുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കറക്കവും പിന്നെ ഒൗട്ടോ ഫോക്കസായിട്ടുളള ചില ഫ്രെയിമുകളുമെല്ലാം നിരത്തി ഛായാഗ്രാഹകൻ വെറുപ്പിക്കലിന്റെ ആക്കം കൂട്ടുന്നുണ്ട്. സംഭവം മാസും ത്രില്ലറുമൊക്കെയാകുന്പോൾ ഡബ്ബിംഗിന്റെ കാര്യമൊക്കെ ആരു ശ്രദ്ധിക്കാൻ എന്നു കരുതി തീരെ ശ്രദ്ധയില്ലാതെ തന്നെയാണ് പലതാരങ്ങളും ഡബ്ബ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതിയിലെ ആഘോഷ കാഴ്ചകൾ മാത്രമാണ് പ്രേക്ഷകരെ ഇത്തിരിയെങ്കിലും തൃപ്തിപ്പെടുത്തുക. രണ്ടാം പകുതിയിലെ അന്വേഷണ കാഴ്ചകൾ ആദ്യ പകുതിയിൽ സമ്മാനിച്ച ഇമ്മിണി ആശ്വാസം കൂടി തല്ലിക്കെടുത്തുന്പോൾ സംഭവം ശുഭം.
(നല്ലവണ്ണം ഇരുത്തി ചിന്തിച്ച ശേഷം മാത്രം അച്ചായൻസിന് തലവെക്കുക)
വി.ശ്രീകാന്ത്