തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാർ ബുധനാഴ്ച ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നൽകി.
പൂജപ്പുര പോലീസ് ആണ് നോട്ടീസ് നൽകിയത്. ഒരാഴ്ച മുന്‍പാണ് നന്ദകുമാറിനെതിരെ കേസെടുത്തത്. നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകുന്നതിൽ വിമര്‍ശനമുയർന്നിരുന്നു.
നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിനും വനിതാ കമ്മീഷനും സൈബർ സെല്ലിനും അച്ചു ഉമ്മൻ പരാതി നൽകിയിരുന്നു.
നേരത്തെ പരാതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അച്ചു ഉമ്മൻ. പക്ഷെ അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നതെന്ന് അച്ചു ഉമ്മൻ പറയുന്നു.
മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാറിനെതിരെയാണ് അച്ചു ഉമ്മന്റെ പരാതി. അതേസമയം സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുക മാത്രമായിരുന്നുവെന്നും നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കേസെടുത്തതിന് പിന്നാലെ നന്ദകുമാർ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ തന്നെ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു. ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും താൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നും നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചു.