തിരുവനന്തപുരം: എം.എം. മണിയെ മന്ത്രിസഭയില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് വി.എസ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. നേരത്തെയുള്ള സാഹചര്യം തന്നെയാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ മണിയെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തിലുള്ള അതൃപ്തിയാണ് വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ വധിച്ച കേസില്‍ പ്രതിയായ മണി തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയതോടെയാണ് രാജി ആവശ്യം ഉയര്‍ന്നത്. മണി മന്ത്രിസഭയില്‍ തുടരുന്നത് നീതിന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
മണി മന്ത്രിയായി തുടരുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നീതിപൂര്‍വവും ഭയരഹിതവുമായി കേസ് നടത്താന്‍ കഴിയില്ല. അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയുമുണ്ടെന്ന മണിയുടെ വാദം നിലനില്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും മണിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.