പത്തനംതിട്ട: പന്തളത്ത് ലോഡ്ജില്‍ നിന്നു ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസില്‍, ഉറവിടം തേടിയുള്ള യാത്രയ്ക്കിടെ കുടുങ്ങിയത് കേസിലെ പ്രധാന കണ്ണിയെന്നു സൂചന.
കണ്ണൂര്‍ പട്ടാനുര്‍ കോലോലം കൂടാലി ഫാത്തിമാ മന്‍സില്‍ വി.പി. സിദ്ദിഖാണ്് (അച്ചു, 34) പോലീസ് പിടിയിലായത്. റിമാന്‍ഡിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രത്യേക അന്വേഷണസംഘത്തിലെ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളുരു യാത്രയില്‍ ഹമ്മനഹള്ളിയില്‍ നിന്നുമാണ് സിദ്ദിഖിനെ പോലീസ് സാഹസികമായി വലയിലാക്കിയത്്.
സിനിമാ സ്റ്റൈൽ ഒാട്ടം!
ബംഗളുരു സിറ്റിയിലെ യലഹങ്കയില്‍ പോലീസ് സംഘം എത്തിയതറിഞ്ഞ ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഹമ്മനഹള്ളിയില്‍ നിന്ന് പിടികൂടുകയായിരുന്നു.
പോലീസ് സംഘം അവിടെയെത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നു. സിനിമ സ്റ്റൈലില്‍ പോലീസിനെ വട്ടം കറക്കി കെട്ടിടങ്ങളുടെ മുകളിലൂടെയും തിരക്കുള്ള റോഡിലൂടെയും അതിവേഗം പാഞ്ഞ സിദ്ദിഖിനെ പോലീസ് സംഘം മണിക്കൂറുകളോളം ഓടി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
റിമാൻഡിൽ
കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും ഒരു വെയിങ് മെഷീനും കണ്ടെടുത്തു. തുടര്‍ന്ന് ഇയാളുമായി പോലീസ് നാട്ടിലേക്ക് തിരിച്ചു.
പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി, അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നേറുകയാണെന്നും, ലഹരിവസ്തുക്കളുടെ കടത്ത്, വിപണനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.