തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പുതുമുഖങ്ങളെ പരീക്ഷിക്കാൻ ആലോചന.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലു ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ആശയവിനിമയം നടത്തി.
സിപിഎമ്മും സിപിഐയും നിലവിലുള്ള മന്ത്രിമാരില്‍ ചിലരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് അതനുസരിച്ചുള്ള സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ഇത്തരത്തിലൊരു സാഹചര്യത്തിലാണ് ആറു മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കുമോ എന്ന കാര്യത്തില്‍ ചര്‍ച്ച.
എന്നാല്‍ ഈ ആറു മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ഒഴികെയുള്ള എല്ലാ എംപിമാരും വീണ്ടും ജനവിധി തേടുമെന്നുള്ള സൂചനകള്‍ കെപിസിസി നല്കുമ്പോഴും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളുകയില്ല.
നിലവിലെ എംപിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രത്യേക ഏജന്‍സിയെ വച്ച് ശേഖരിച്ചിരുന്നു.
വിജയസാധ്യത മാത്രം മുന്നില്‍ കണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയം നടത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് മൂന്നു സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന നിര്‍ദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
ആ നിലപാടിനോട് രാഹുല്‍ ഗാന്ധിയും പൂര്‍ണമായി യോജിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. ആലത്തൂരില്‍ നിന്നുള്ള രമ്യ ഹരിദാസാണ് ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏക വനിതാ എംപി. ഇത് കൂടാതെ രണ്ടു സീറ്റുകളിലേക്ക് വനിതകളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചിട്ടുള്ളത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചതാണ്.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസില്‍നിന്നു കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ഥിയാക്കുകയോ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ കോട്ടയത്തേക്കു മാറ്റി അച്ചുവിനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കുകയോ ചെയ്യണമെന്ന നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരുന്നുണ്ട്.
പ്രാദേശിക നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നത നില നില്‍ക്കുന്നതാണ് നിലവിലെ ചില എംപിമാര്‍ക്കു വീണ്ടും അവസരം നിഷേധിക്കുമോ എന്ന ആശങ്കയുടേയും അടിസ്ഥാനം.