വേണു കുന്നപ്പിള്ളി നിർമിച്ച് എം. പദ്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ബിഗ്ബജറ്റ് സിനിമ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾമുതലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നത് ഈ അദ്ഭുതബാലനെയാണ്. മമ്മൂട്ടിക്കൊപ്പം വാളുയർത്തി വായുവിൽ കുതിക്കുന്ന ഈ മിടുക്കനു പ്രായം പന്ത്രണ്ട് മാത്രം. ഇത് അച്യുതൻ ബി. നായർ. കോട്ടയം പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി. ഒന്നാം ക്ലാസ് മുതൽ കളരി പഠിക്കുന്ന അച്യുതൻ ഇപ്പോൾ ആകെ ത്രില്ലിലാണ്.
ശരീരത്തിൽ പോലും ഗംഭീരമായ മേക്കോവറാണ് ചിത്രത്തിനുവേണ്ടി നടത്തിയത്. അത്രമാത്രം ആരാധകരെ ഒറ്റ സിനിമ കൊണ്ടു കൈയിലെടുത്തു കഴിഞ്ഞു. ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തിനു ജീവൻ നൽകിയ അച്യുതനെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. പ്രേഷകരുടെയും മമ്മൂട്ടിയും ഉണ്ണിമുകുന്ദനടക്കമുള്ള താരങ്ങളുടെയും അഭിനന്ദനപ്രവാഹത്തിനിടയിൽ രാഷ്ട്രദീപികയോട് അച്യുതൻ മനസ് തുറക്കുന്നു.
കഥാപാത്രം
സിനിമാരംഗത്ത് എന്റെ കന്നിയങ്കമാണ് മാമാങ്കം. കഥാപാത്രത്തിന്റെ പേര് ചന്ത്രോത്ത് ചന്തുണ്ണി. നാടിനു വേണ്ടി ചാവേറായി പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണ് ചന്ത്രോത്ത് ചന്തുണ്ണി . മാമാങ്കത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് ചന്ദ്രോത്ത് ചന്തുണ്ണി.
മാമാങ്കത്തിലേക്ക്
ഒാഡിഷനിലൂടെയാണ് എന്നെ ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. കളരിയാണ് എന്നെ ഈ സിനിമയിലെത്തിച്ചത് എന്നും പറയാം. അഞ്ചു വയസ് മുതൽ ഞാൻ കളരി പഠിക്കുന്നുണ്ട്. അച്ഛനാണ് കളരിയിൽ എന്നെ ചേർത്തത് . ആദ്യമൊന്നും ഇഷ്ടം അല്ലായിരുന്നു.
ശനിയും ഞായറും പോകുമല്ലോ എന്നായിരുന്നു വിഷമം. പിന്നെ പഠിച്ചു തുടങ്ങിയപ്പോൾ ഇഷ്ടമായി. ബൈജു വർഗീസ് ഗുരുക്കളായിരുന്നു എന്റെ ഗുരു. കളിക്കാൻ വിടാത്ത അവസ്ഥ. അതോടെ കളരിയെ സ്നേഹിച്ചു. അതിപ്പോൾ പ്രയോജനപ്പെട്ടു. കളരി അറിയാവുന്നതു കൊണ്ടു കഥാപാത്രത്തോടു നൂറുശതമാനം നീതി പുലർത്താൻ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നത്.
മമ്മൂട്ടി
മാമാങ്കത്തിന്റെ യഥാർഥ ഹീറോ അച്യുതനാണെന്ന മമ്മൂക്കയുടെ വാക്കുകളിൽ ത്രില്ലടിച്ചിരിക്കുകയാണ് ഈ മിടുക്കൻ. അച്യുതന്റെ വാക്കിലും നോട്ടത്തിലും പുഞ്ചിരിയിലും ഇതെല്ലാം വ്യക്തമാണ്. മമ്മൂട്ടിയെ കുറിച്ചു സംസാരിക്കുന്പോൾ നൂറുനാവാണ് അച്യുതന്.
മമ്മൂക്ക ഭയങ്കര സിന്പിൾ ആണ്. സാറിനെ എനിക്ക് ഒത്തിരി ഇഷ്ടമായി. ഞാൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. മമ്മൂക്ക ആയിട്ടുള്ള ഫസ്റ്റ് ടേക്ക് വന്നപ്പോൾ കുറച്ചു പേടിയും ടെൻഷനൊക്കെ ഉണ്ടായിരുന്നു. ടെൻഷൻ കൂടി ഞാൻ ഡയലോഗ് മറന്നു പോയി. ഞാൻ ഒന്ന് ഡയലോഗ് നോക്കിക്കോട്ടെന്നു ചോദിച്ചു.. പറ്റില്ലാന്ന് മമ്മൂക്ക ചിരിച്ചോണ്ട് പറഞ്ഞു.
നീ ഫ്രീ ആയിട്ട് അഭിനയിക്ക് ഞാനും ഒരു മനുഷ്യനാണ്. നിന്നെ പിടിച്ചു തിന്നാൻ പോണില്ലാന്നും പറഞ്ഞു. എന്നും പുഷ്അപ് ചെയ്യും മമ്മൂക്ക,ഞാനും. കാമറയിൽ ഒരു ലുക്ക് തരുന്പോൾ അതിലേക്ക് തന്നെ നോക്കണം,കണ്ണ് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കരുത് അങ്ങനെ ഉളള കാര്യങ്ങളൊക്കെ സാർ പറഞ്ഞുതന്നു. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.
ആക്ഷൻ സീനുകൾ
ബോളിവുഡിൽ നിന്നുള്ള ശ്യാം കൗശൽ സാറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. സാർ എല്ലാവരുടെയും സേഫ്റ്റി നോക്കിയാണ് എല്ലാം ചെയ്തത്. 40 ദിവസത്തോളം രാത്രിയിൽ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.
കയർ വച്ചിട്ടുള്ള സീനുകൾ എനിക്ക് അഭിനയിക്കാൻ ഉണ്ടായിരുന്നു. ആ സീനുകളാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടതും എൻജോയ് ചെയ്തതും. ഞാൻ കളരിയിൽ വടി, മുച്ചാൽ,കഠാര,ഒറ്റ എന്നീ നാല് ആയുധങ്ങളാണ് പഠിച്ചിരുന്നത്. സിനിമയിൽ വാളും ഉറുമിയും വച്ചിട്ടുള്ള രംഗങ്ങളായിരുന്നു കൂടുതലും. കോഴിക്കോട് സിവിഎൻ കളരിയിലെ ഗോപേട്ടനും സുനിലേട്ടനുമാണ് സെറ്റിൽ എന്നെ രണ്ടു വർഷം പരിശീലിപ്പിച്ചിരുന്നത്.
സെറ്റിലെ കൂട്ടുകാർ
പ്രാചി മാം ആണ് സെറ്റിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഞങ്ങൾ രണ്ട് വർഷം മുൻപാണ് ഈ സിനിമയിലെത്തിയത്. അവർ ഭയങ്കര സ്പോർട്ടീവ് ആണ്. ഒഴിവു സമയങ്ങളിലെല്ലാം ഞങ്ങൾ സംസാരിച്ചിരിക്കും.
സ്കൂൾ വിശേഷം
പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ ആറാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. രണ്ട് വർഷം ഞാൻ സ്കൂളിൽ പോയിട്ടില്ല, പരീക്ഷയെഴുതാൻ മാത്രമാണ് പോയത്. വീട്ടിലും സെറ്റിലും ഇരുന്നു പഠിച്ചു. അധ്യാപകരും മാതാപിതാക്കളും സഹായിച്ചു. ടീച്ചർമാരും ഫ്രണ്ട്സുമെല്ലാം നല്ല സപ്പോർട്ട് ആണ്. അമ്മയാണ് എന്നെ പഠിപ്പിച്ചിരുന്നത്. സെറ്റിലിരുന്ന് ഞാൻ പഠിക്കും എന്നിട്ടാണ് പരീക്ഷ എഴുതിയിരുന്നത്.
ഞാൻ അഭിനയിക്കാൻ പോയ വിവരം സ്കൂളിൽ അധികമാർക്കും അറിയില്ലായിരുന്നു. ട്രെയ്ലർ ഒക്കെ വന്നപ്പോഴാണ് കുറേ പേരറിഞ്ഞത്. ഞങ്ങൾ എല്ലാരും കൂടെ ഒരുമിച്ച് മാമാങ്കം കാണാൻ പോയി. എല്ലാർക്കും ഒത്തിരി ഇഷ്ടമായെന്നും പറഞ്ഞു. സ്കൂളിലെ ഗസ്റ്റായി പോലും എത്തിയ അച്യുതൻ കുട്ടി ഹീറോയായി വിലസുകയാണ്.
മുടിയുടെ രഹസ്യം
സിനിമയ്ക്കു വേണ്ടിയാണ് ഞാൻ മുടി വളർത്തിയത്. രണ്ട് വർഷമായി വളർത്തിക്കൊണ്ടിരിക്കുകയാണ്. മുടി നീട്ടി വളർത്തിയതു കൊണ്ട് പലപ്പോഴും ഞാൻ പെണ്കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. അമ്മയാണ് മുടിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. എനിക്കും മുടി വളർത്താൻ ഇഷ്ടമാണ്. അച്ഛനും മുടി നീട്ടിയിട്ടുണ്ട്.
കുറച്ചു നാൾ കഴിഞ്ഞാൽ വെട്ടും. സ്കൂളിൽ പോകണ്ടേ. എന്നു പോകുമെന്ന് തീരുമാനിച്ചിട്ടില്ല. പുതുപ്പള്ളി ഇരവിനല്ലൂർ ഗോകുലത്തിൽ ബാലഗോപാലിന്റെയും ശോഭയുടെയും മകനാണ് അച്യുതൻ. മൂന്നുവയസുകാരി അരുന്ധതിയാണ് അച്യുതന്റെ അനിയത്തി.
തയാറാക്കിയത്: റിയാ രാജു