വടകര: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളിബോൾ കോച്ചാണ് ഇന്നലെ അന്തരിച്ച എ.അച്യുതക്കുറുപ്പ്. വോളിബോളിൽ ഇന്ത്യയെ ഉന്നതിയിൽ എത്തിക്കുന്നതിൽ അച്യുതക്കുറപ്പിന്റെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നുവെന്നത് കായികലോകം സമ്മതിക്കുന്ന വസ്തുതയാണ്. 1986 ൽ സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ അച്യുതക്കുറുപ്പായിരുന്നു കോച്ച്. ഈ നേട്ടത്തിനു ശേഷം ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ കഴിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ മികവ് എടുത്തു കാണിക്കുന്നു.
ചൈനക്കും ദക്ഷിണകൊറിയക്കും പിന്നിൽ തിളക്കമേറിയ മൂന്നാം സ്ഥാനം ഇന്ത്യ നേടിയപ്പോൾ ജിമ്മി ജോർജ്, അബ്ദുൾബാസിത്, സുഖ്പാൽസിംഗ്, കെ.ഉദയകുമാർ, സിറിൽ സി.വള്ളൂർ തുടങ്ങിയ അതികായന്മാരാണ് കളിക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. ചൈനയോടും ദക്ഷിണ കൊറിയയോടും അടിയറവു പറഞ്ഞെങ്കിലും ജപ്പാനെ തോൽപിക്കാൻ കഴിഞ്ഞതാണ് മൂന്നാം സ്ഥാനത്തിനു അർഹമാക്കിയത്.
ഹോങ്കോങ്ങ്, ബഹറിൻ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ പ്രാഥമിക റൗണ്ടിൽ തോൽപിക്കാൻ ഇന്ത്യക്കു സാധിച്ചത് പ്രഭത്ഭരായ താരങ്ങളും മികച്ച കോച്ചിന്റെ തന്ത്രങ്ങളും കൊണ്ടായിരുന്നു. ചിട്ടയായ പരിശീലനത്തിന്റെ ഫലമായി വോളിബോളിൽ രാജ്യത്തിനു മികച്ച സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി.
1989 ൽ ജപ്പാനിൽ നടന്ന ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് വോളിബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യ വെള്ളി നേടിയപ്പോഴും അച്യുതക്കുറുപ്പായുരന്നു കോച്ച്. മുഖ്യപരിശീലകൻ അച്യുതക്കുറുപ്പിനു പുറമെ സഹപരിശീലകൻ വി.സേതുമാധവൻ, ക്യാപ്റ്റൻ സിറിൽ സി.വെള്ളൂർ, ഉദയകുമാർ, എന്നിവർ ടീമിലെ മലയാളിസാന്നിധ്യമായിരുന്നു.
1988ൽ അച്യുതക്കുറുപ്പ്, സേതുമാധവൻ എന്നിവരെ 1990ലെ ഏഷ്യൻഗെയിംസിലേക്കുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകരായി ഫെഡറേഷൻ നിയമിച്ചിരുന്നു. എന്നാൽ ഫെഡറേഷനുമായുള്ള ഭിന്നതകൾമൂലം 90നു മുന്പേ അച്യുതക്കുറുപ്പിനു സ്ഥാനമൊഴിയേണ്ടി വന്നു.കളിയുടെ മികവിലാണ് അച്യുതക്കുറുപ്പ് ശ്രദ്ധിക്കപ്പെട്ടത്. അപാരമായ അറ്റാക്കിംഗ് പാടവം ഇദ്ദേഹത്തെ ദേശീയതലത്തിലേക്ക് ഉയർത്തി.
സർവീസസിനു വേണ്ടി മിന്നുന്ന പ്രകടനം തന്നെ കാഴ്ചവെച്ചു. ഇവിടെ നിന്നു വിരമിച്ച ശേഷമാണ് കോച്ചിംഗിൽ പരിശീലനം നേടിയത്. പാട്യാലയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായി) പരിശീലകനായി സേവനം അനുഷ്ഠിച്ചു. ബെംഗളൂരുവിൽ സായി ആരംഭിക്കുന്നതിനു മുൻകയ്യെടുത്തവരിൽ പ്രധാനിയായിരുന്നു അച്യുതക്കുറുപ്പ. 1986 ലാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. പിന്നീട് വോളിബോളിന്റെ വളർച്ചക്ക് അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.
ബംഗളൂരിൽ നിന്ന് ഇന്നലെ രാത്രി ഒന്പതു മണിയോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വെള്ളികുളങ്ങരയിൽ പൊതുദർശനത്തിനു വെച്ചു. കായിക പ്രതിഭകൾ ഉൾപെടെ ജീവിതത്തിന്റെ നാനാതുറകളിൽപെട്ട ഒട്ടേറെ പേർ ആദരാഞ്ജലി അർപിക്കാനെത്തി. പിന്നീട് വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. വോളിബോളിന്റെ ഈറ്റില്ലമായ വടകരയിൽ നിന്ന് ഉന്നതിയിൽ എത്തിയ ഒരാളാണ് വിടവാങ്ങിയിരിക്കുന്നത്.
അച്യുതക്കുറുപ്പിന്റെ നിര്യാണത്തിൽ പാറക്കൽ അബ്ദുല്ല എംഎൽഎ അനുശോചിച്ചു. കോച്ച് എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും വോളിബോളിന് വലിയ സംഭാവനകളർപ്പിച്ച വ്യക്തിത്വമായിരുന്നു അച്യുതക്കുറുപ്പെന്ന് എംഎൽഎ അനുസ്മരിച്ചു.