കൊല്ലം: ഇരവിപുരം വാളത്തുങ്കലിൽ ഭാര്യയ്ക്കും മകൾക്കും അയൽവാസികളായ കുട്ടികൾക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.
ജയന്റെ ഭാര്യ രജി, മകൾ ആദിത്യ(14) എന്നിവർക്കും അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നിവർക്കുമാണ് പരിക്കേറ്റത്. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ജയനു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് സൂചന.