റസ്റ്ററന്റിലിരുന്ന് സംസാരിക്കുന്നതിനിടെ യുവാവിനുനേരേ യുവതിയുടെ ആസിഡ് ആക്രമണം. യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും യുവാവ് പരാതി നൽകാതെ സ്ഥലംവിട്ടു.
ഉത്തർപ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. തനിക്ക് വിവാഹവാഗ്ദാനം നൽകിയ യുവാവ് പിന്നീട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നുവെന്നു യുവതി മൊഴി നൽകി. യുവതിയുടെ ശരീരത്തിൽ ആസിഡ് വീണു പൊള്ളലേറ്റിട്ടുണ്ട്. യുവാവിനു പരിക്കേറ്റിട്ടുണ്ടോ എന്നും എന്താണ് അവസ്ഥയെന്നും വ്യക്തമായിട്ടില്ല.
ഹോട്ടൽ ജീവനക്കാർ നൽകിയ മൊഴി പ്രകാരം യുവതിയാണ് ആദ്യം റസ്റ്ററന്റിലെത്തിയത്. അൽപ്പം കഴിഞ്ഞ് യുവാവുമെത്തി. ഇരുവരും ഭക്ഷണം ഓർഡർ ചെയ്ത് അഞ്ച് മിനിറ്റോളം സംസാരിച്ചു.
അതിനിടെ യുവതി തന്റെ ബാഗിൽനിന്ന് ആസിഡ് എടുത്ത് യുവാവിനുനേരേ ഒഴിക്കുകയായിരുന്നു. ഉടൻ സ്ഥലത്തുനിന്ന് അപ്രത്യക്ഷനായ യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആദ്യ വിവാഹത്തിൽ വിവാഹമോചനം നേടിയിരുന്നതായി റിപ്പോർട്ടുണ്ട്.