കൊട്ടാരക്കര : കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പുനലൂർ മണിയാർ ഓളം കാവ് ബിന്ദുജ ഭവനിൽ ബിജിനി (18) ന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പുനലൂർ പ്ലാത്തറ കളീലുവിള വീട്ടിൽ അരുണിനെ (18) യാത്രക്കാരും മറ്റും പിടികൂടി പോലീനെ ഏൽപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ 10. 30 ഓടെയാണ് കൊട്ടാരക്കര പോലീസ് പ്രതിയെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പെൺകുട്ടിക്ക് നേരേ ആസിഡ് ഒഴിച്ചതും, പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതുമായ രീതികൾ പ്രതി പോലീസിന് കാട്ടിക്കൊടുത്തു. കുറ്റം ബോധം ഇല്ലാത്ത വിധത്തിലായിരുന്നു പ്രതിയുടെ പ്രതികരണങ്ങൾ.
തെളിവെടുപ്പിനു ശേഷം പ്രതിയെ പുനലൂർ റെയിൽവേ പോലീസിന് കൈമാറി. അക്രമത്തിൽ 35 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയും ട്രെയിനിൽ സമീപത്തെ സീറ്റിലുണ്ടായിരുന്ന അലോഷ്യസും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.