ബംഗളൂരു: മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. എത്തിയോസ് സർവീസസിലെ ജീവനക്കാരൻ നികിത് ഷെട്ടിയെയാണു പിരിച്ചുവിട്ടത്.
നികിതിന്റെ ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ സമൂഹമാധ്യമത്തിൽ പങ്കിട്ടതിനു പിന്നാലെയാണു നടപടി.
“ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം, പ്രത്യേകിച്ച് കർണാടകയിൽ, അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ സാധ്യതയുണ്ട്’ എന്നാണു നികിത് അയച്ച ഭീഷണി സന്ദേശം. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് എക്സിൽ പങ്കുവച്ചത്.
എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അവകാശത്തിൽ ഇടപെട്ട് ഭീഷണി സന്ദേശം മുഴക്കിയിരിക്കുകയാണ് ഞങ്ങളുടെ ജീവനക്കാരനെന്നും ഈ പെരുമാറ്റം തീർത്തും അസ്വീകാര്യവും എത്തിയോസ് സർവീസസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും കന്പനി പ്രസ്താവനയിൽ അറിയിച്ചു.