ഗാന്ധിനഗർ: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ആരോഗ്യനിലയിൽ പുരോഗതി.
തൊടുപുഴ ഒറ്റല്ലൂർ സണ്ണിയുടെ മകളും കരിങ്കുന്നം ഒറ്റല്ലൂർ പള്ളിക്കത്തടത്തിൽ രാഹുൽ രാജിന്റെ ഭാര്യയുമായ സോന സണ്ണി (25)യാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേണ്സ്യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നത്.
സോനയുടെ മുഖത്തും തോളിനുമായി 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തൊടുപുഴ മുട്ടം കോളപ്ര മഞ്ഞപ്രയിലായിരുന്നു സംഭവം.
സോനയുടെ കുടുംബ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുന്പോഴാണ് ആസിഡ് ആക്രമണം നടന്നത്. 2015ൽ പ്രണയ വിവാഹിതരായ ഇവർ തമ്മിൽ എപ്പോഴും വഴക്ക് പതിവായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
കുറച്ചുനാൾ മുന്പ് ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിൽ പോയി വിശ്രമിച്ചു.
ഈ സമയം ഈ വീട്ടിലെ യുവാവുമായി പ്രണയത്തിലായെന്നും പിന്നീട് സോനയെ യുവാവ് പീഡിപ്പിച്ചെന്നും യുവതി കരിങ്കുന്നം പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
അതിന് ശേഷം ഭർത്താവിന്റെ കൂടെ പോകുവാൻ ശ്രമിച്ചപ്പോൾ വീണ്ടും ഭർത്താവിന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പരാതി കൊടുത്ത യുവാവിനൊപ്പം പോകുവാൻ സോന തീരുമാനിച്ചു.
ഇതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ അന്വേഷിച്ചെത്തി കൈവശം കരുതിയ ആസിഡ് സോനയുടെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു.
മുഖത്തും തോളിനുമായി 40ശതമാനം ശതമാനം പൊള്ളലേറ്റ സോന മെഡിക്കൽ കോളജ് പ്രത്യേക ബേണ്സ്യൂണിറ്റിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം മകൾക്ക് ഇത്തരത്തിലുള്ള മറ്റൊരു ബന്ധം ഉള്ളതായി തങ്ങൾക്ക് അറിയില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
രാഹുൽ ക്രിമിനലാണെന്നും അത് മാറ്റിയെടുക്കുവാൻ അറിഞ്ഞുകൊണ്ടാണ് മകൾ പ്രണയിച്ച് വിവാഹം കഴിച്ചതെന്നും വിവാഹശേഷം തുടങ്ങിയ ക്രൂര മർദ്ദനം സഹിക്കാനാവാതെ ബന്ധു വീട്ടിലും പല മഠങ്ങളിലും താമസിക്കാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.